തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ച സംഭവം അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് ആവശ്യപ്പെട്ടു. പരോള്‍ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുതകളും സമഗ്രമായി അന്വേഷിച്ചു എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.റിപ്പോര്‍ട്ട് ലഭിച്ച ശേഷം വസ്തുതകളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും.
പിണറായി സർക്കാർ അധികാരത്തിലിറങ്ങുന്നതിനു തൊട്ടു മുമ്പാണ് പരോൾ അനുവദിച്ചത്. 20 ദിവസത്തെ പരോൾ ആണ് ലഭിച്ചിരിക്കുന്നത്. ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ബിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ ഇതിനകം പുറത്തിറങ്ങിയിരുന്നു. ബാക്കി പ്രതികൾ അടുത്ത ദിവസങ്ങളിൽ ഇറങ്ങും. മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രതികൾക്ക് പരോൾ നൽകിയതെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്‍റെ പിതാവ് സത്യനാരായണൻ ആരോപിച്ചിരുന്നു.നാലു മാസത്തിനകം മൂന്നാമത്തെ പരോൾ ആണിതെന്നും അദ്ദേഹം പറഞ്ഞു.
2019 ഫെബ്രുവരി 17നായിരുന്നു പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനേയും കൃപേഷിനെയും വെട്ടിക്കൊന്നത്. കേസിൽ സുബീഷ്, സുരേന്ദ്രൻ ഉൾപ്പെടെ പത്ത് പ്രതികൾക്ക് എറണാകുളം സി.ബി.ഐ കോടതി ഇരട്ടജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.