നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി വെറും പത്തു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. പ്രമുഖ ദേശീയ നേതാക്കൾ ഉൾപ്പെടെ കളംനിറഞ്ഞതോടെ പ്രചാരണം ഉച്ചസ്ഥായിയിലായിരിക്കുകയാണ്. ഓരോ വോട്ടും ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ.
യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ മണ്ഡലങ്ങളിൽ അദ്ദേഹം പര്യടനം നടത്തും. രാവിലെ പത്തനംതിട്ട ജില്ലയിലെ അടൂരിലാണ് അദ്ദേഹത്തിന്റെ ആദ്യ പരിപാടി. തുടർന്ന് പത്തനംതിട്ട നഗരത്തിൽ നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. വൈകുന്നേരത്തോടെ കോട്ടയത്തെത്തുന്ന രാഹുൽ ഗാന്ധി മൂന്ന് പ്രധാന പരിപാടികളിൽ കൂടി ഭാഗമാകും. യു.ഡി.എഫ് പ്രവർത്തകർക്ക് ആവേശം പകരാനും വോട്ടർമാരെ സ്വാധീനിക്കാനും രാഹുൽ ഗാന്ധിയുടെ സന്ദർശനം ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.
എൽ.ഡി.എഫിന്റെ മുഖ്യ പ്രചാരകനായ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൊല്ലം ജില്ലയിലാണ് പര്യടനം നടത്തുന്നത്. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് റാലികളിൽ അദ്ദേഹം സംസാരിക്കും. സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിച്ചും രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ചും എൽ.ഡി.എഫിന്റെ 'ക്യാപ്റ്റൻ' പ്രചാരണ രംഗത്ത് സജീവമാണ്.പാലക്കാടും തൃശൂരും സന്ദർശിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വീണ്ടും കേരളത്തിലെത്തും. ഇത്തവണ കോട്ടയം കേന്ദ്രീകരിച്ചായിരിക്കും അദ്ദേഹത്തിന്റെ പ്രചാരണമെന്നാണ് റിപ്പോർട്ടുകൾ. ദേശീയ നേതാക്കളുടെ സാന്നിധ്യം എൻ.ഡി.എ ക്യാമ്പുകളിലും വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. വികസനവും രാഷ്ട്രീയ ഡീലുകളും വിവാദങ്ങളും ചർച്ചയാകുന്ന ഈ തിരഞ്ഞെടുപ്പിൽ ജനവിധി ആർക്കനുകൂലമാകുമെന്ന് അറിയാൻ രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്ര നേതാക്കൾ കൂടി എത്തുന്നതോടെ തിരഞ്ഞെടുപ്പ് ചൂട് ഇനിയും വർധിക്കും.