ദൽഹിയിൽ പത്തുദിവസം നീണ്ടുനിന്ന മാരത്തോൺ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്തെ ഇന്ദിരാ ഭവനിൽ ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ ഹൈക്കമാൻഡ് തീരുമാനം ഔദ്യോഗികമായി അറിയിക്കും. എ.ഐ.സി.സി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും നിർണ്ണായകമായ ഈ യോഗം ചേരുക. നിയുക്ത എം.എൽ.എമാരെല്ലാം ഇന്ന് തന്നെ തലസ്ഥാനത്ത് എത്തണമെന്ന് കെ.പി.സി.സി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. മുതിർന്ന നേതാക്കളായ എ.കെ ആന്റണി, വി.എം സുധീരൻ തുടങ്ങിയവരുടെ അഭിപ്രായങ്ങളും എം.എൽ.എമാരുടെ നിലപാടും പരിഗണിച്ചാണ് ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലെത്തിയത്. കർണാടക മാതൃകയിൽ രണ്ടര വർഷം വീതം അധികാരം പങ്കിടുന്ന രീതി കേരളത്തിലും പരീക്ഷിച്ചേക്കുമെന്നും സൂചനകളുണ്ട്. മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ദൽഹിയിൽ നടത്തിയ ചർച്ചകൾക്ക് ശേഷം തീരുമാനിച്ച പേര് സീൽ ചെയ്ത കവറിൽ നിരീക്ഷകർ വഴിയാണ് യോഗത്തിൽ എത്തിക്കുക.
മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചാലുടൻ യു.ഡി.എഫ് ഘടകകക്ഷി നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള കത്ത് കൈമാറും. ശനിയാഴ്ചയോ തിങ്കളാഴ്ചയോ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ചർച്ചകൾ നീണ്ടുപോകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്ന സാഹചര്യത്തിൽ ഇന്നത്തെ പ്രഖ്യാപനം യു.ഡി.എഫ് ക്യാമ്പുകളിൽ വലിയ ആശ്വാസമാണ് നൽകുന്നത്.