Share this Article
News Malayalam 24x7
ട്രംപ് - ഷി ജിൻപിങ് നിർണായക കൂടിക്കാഴ്ച ഇന്ന്
trump-Xi Summit in Beijing

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള നിർണ്ണായകമായ കൂടിക്കാഴ്ച ഇന്ന് ബീജിംഗിൽ നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ പുനഃക്രമീകരിക്കുന്നതിനൊപ്പം ആഗോള രാഷ്ട്രീയത്തിലെ സങ്കീർണ്ണമായ പല വിഷയങ്ങളും ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ.

അമേരിക്കൻ ഉൽപ്പന്നങ്ങൾക്കായി ചൈനീസ് വിപണി കൂടുതൽ തുറന്നുകിട്ടുക എന്നതാണ് ട്രംപിന്റെ പ്രധാന അജണ്ട. കൂടാതെ, ഇറാനുമായുള്ള ചൈനയുടെ രഹസ്യ ഇടപാടുകളെക്കുറിച്ചുള്ള അമേരിക്കയുടെ ആശങ്കയും ട്രംപ് ചർച്ചയിൽ ഉന്നയിക്കും. ഹോർമുസ് കടലിടുക്കിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ചൈനയുടെ സജീവ ഇടപെടൽ അമേരിക്ക ആവശ്യപ്പെട്ടേക്കും.


വൻകിട ബിസിനസ് പ്രതിനിധി സംഘവുമായാണ് ട്രംപ് ചൈനയിലെത്തിയിരിക്കുന്നത്. ടെസ്‌ല തലവൻ ഇലോൺ മസ്ക്, എൻവിഡിയ തലവൻ ജെൻസൺ ഹുവാങ് തുടങ്ങിയ പ്രമുഖ യു.എസ് ടെക് കമ്പനികളുടെ തലവന്മാർ ട്രംപിനൊപ്പമുണ്ട്. ട്രംപിന്റെ മകൻ എറിക് ട്രംപും സംഘത്തിന്റെ ഭാഗമാണ്. വൻകിട ടെക് കരാറുകൾക്കും ഈ സന്ദർശനം വഴിയൊരുക്കുമെന്നാണ് സൂചന.

2017-ന് ശേഷം ആദ്യമായാണ് ട്രംപ് ചൈന സന്ദർശിക്കുന്നത്. നേരത്തെ മാർച്ചിൽ സന്ദർശനം നിശ്ചയിച്ചിരുന്നെങ്കിലും ഇറാൻ-ഇസ്രായേൽ യുദ്ധത്തെത്തുടർന്ന് സുരക്ഷാ കാരണങ്ങളാൽ ഇത് നീട്ടിവെക്കുകയായിരുന്നു. ലോകത്തെ രണ്ട് വൻശക്തികൾ തമ്മിലുള്ള ഈ കൂടിക്കാഴ്ചയെ വലിയ പ്രതീക്ഷയോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories