ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) ഉന്നത കമാൻഡർ അബു ബിലാൽ അൽ മിനുക്കിയെ അമേരിക്കൻ സൈന്യം വധിച്ചു. ഐസിസ് നേതൃനിരയിലെ രണ്ടാമനായി അറിയപ്പെടുന്ന ഇയാളെ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് സൈന്യം വകവരുത്തിയത്.
അമേരിക്കൻ സേനയും നൈജീരിയൻ സായുധ സേനയും സംയുക്തമായി നടത്തിയ അതിസാഹസികമായ ദൗത്യത്തിലൂടെയാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ലോകമെമ്പാടുമുള്ള ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നയാളാണ് അബു ബിലാൽ അൽ മിനുക്കി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നൈജീരിയയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കേന്ദ്രം വളഞ്ഞാണ് സൈന്യം ആക്രമണം നടത്തിയത്. ഐസിസിനെ സംബന്ധിച്ചിടത്തോളം ഇയാളുടെ മരണം വലിയ തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുന്നു. മേഖലയിൽ ഭീകരവാദം അമർച്ച ചെയ്യുന്നതിനായി അമേരിക്കയും നൈജീരിയയും സംയുക്തമായി നടത്തുന്ന പോരാട്ടത്തിലെ വലിയ വിജയമായാണ് ഈ നീക്കത്തെ ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.