ഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നതായി സൂചന. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ൽ (Truth Social) പങ്കുവെച്ച പുതിയ ചിത്രം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. "ഇത് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തതയായിരുന്നു" (It was the calm before the storm) എന്ന വിനാശകരമായ മുന്നറിയിപ്പോടെയാണ് ട്രംപ് ചിത്രം പോസ്റ്റ് ചെയ്തത്.
അമേരിക്കൻ അഡ്മിറലിനൊപ്പം നിൽക്കുന്ന ട്രംപിന്റെ AI നിർമ്മിത ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. 'അമേരിക്കയെ വീണ്ടും മഹത്തരമാക്കുക' എന്ന സദേശമുള്ള തൊപ്പി ധരിച്ചാണ് ട്രംപ് ചിത്രത്തിലുള്ളത്. വ്യോമാക്രമണത്തിന് പുറമെ അമേരിക്കൻ പടക്കപ്പലുകളുടെ സാന്നിധ്യവും ചിത്രത്തിൽ കാണാം. ഇത് ഇറാനെതിരെ കടുത്ത ആക്രമണത്തിന് പെന്റഗൺ തയ്യാറെടുക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പുതിയ പ്രകോപനത്തിന് കാരണം. മേഖലയിൽ വെടിനിർത്തൽ തുടരുന്നുണ്ടെങ്കിലും കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകാൻ ഇറാൻ തയ്യാറാകാത്തത് അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. ചൈനീസ് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ട്രംപ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത് എന്നതും ശ്രദ്ധേയമാണ്. ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ ചൈനീസ് പ്രസിഡന്റുമായി ട്രംപ് അഭിപ്രായ വ്യത്യാസത്തിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചൈനയുമായുള്ള ചർച്ചകളിൽ പ്രതീക്ഷിച്ച ഫലം കാണാത്ത സാഹചര്യത്തിൽ ഇറാനെതിരെ നേരിട്ടുള്ള സൈനിക നീക്കത്തിന് അമേരിക്ക തുനിഞ്ഞാൽ അത് പശ്ചിമേഷ്യയിൽ വലിയ യുദ്ധത്തിന് വഴിമരുന്നിടുമെന്ന ആശങ്ക ലോകരാജ്യങ്ങൾക്കിടയിൽ ശക്തമാണ്.