കേരളത്തിൽ അധികാരമേൽക്കുന്ന യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാരുടെ അന്തിമ പട്ടിക ഉച്ചയോടെ ഗവർണർക്ക് കൈമാറും. നാളെയാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി അടക്കം 21 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്. ഇതിൽ കോൺഗ്രസിന് 12 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ പദവിയും ലഭിക്കും. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ഉറപ്പിച്ചു. കേരള കോൺഗ്രസ് (ജോസഫ്), ആർഎസ്പി എന്നിവർക്ക് ഓരോ മന്ത്രിസ്ഥാനം വീതം ലഭിക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് മോൻസ് ജോസഫ് മന്ത്രിയാകും.
മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തര-വിജിലൻസ് വകുപ്പുകളുടെ ചുമതല വഹിക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ധനകാര്യം, തുറമുഖം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുമെന്നാണ് സൂചന. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് റവന്യൂ വകുപ്പും, സി.എം.പി നേതാവ് സി.പി. ജോണിന് സഹകരണ വകുപ്പും ലഭിക്കാൻ സാധ്യതയുണ്ട്.
കോൺഗ്രസ് പട്ടികയിൽ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്ക് പുറമെ സണ്ണി ജോസഫ്, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ചാണ്ടി ഉമ്മൻ, റോജി എം. ജോൺ, ഷാനിമോൾ ഉസ്മാൻ, ടി. സിദ്ദിഖ്, വി.ടി. ബൽറാം എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
സ്പീക്കർ സ്ഥാനത്തേക്ക് എൻ. ശക്തൻ, റോജി എം. ജോൺ, വി.ടി. ബൽറാം എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേരും ഈ സ്ഥാനത്തേക്ക് ഉയർന്നു വന്നിരുന്നെങ്കിലും അദ്ദേഹം മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ചെറിയ ഘടകകക്ഷികളായ അനൂപ് ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ്), മാണി സി. കാപ്പൻ എന്നിവർക്ക് ടേം വ്യവസ്ഥയിൽ (രണ്ടര വർഷം വീതം) മന്ത്രിസ്ഥാനം നൽകാനാണ് കോൺഗ്രസ് തീരുമാനം. എന്നാൽ ഇതിൽ ഇരു നേതാക്കൾക്കും അതൃപ്തിയുണ്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം അധികമായി ഒരു ചീഫ് വിപ്പ് അല്ലെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം കൂടി ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളിൽ ഇന്നത്തെ ഉഭയകക്ഷി ചർച്ചകളിൽ അന്തിമ തീരുമാനമുണ്ടാകും.