Share this Article
News Malayalam 24x7
അവസാനം കെ മുരളീധരൻ സെറ്റ് ആയി, വൈദ്യുതിയല്ല, ആരോഗ്യവും ഒപ്പം ദേവസ്വവും നൽകും
K. Muraleedharan Assigned Health and Devaswom Portfolios

വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ കെ. മുരളീധരന്റെ ആവശ്യത്തിന് വഴങ്ങി കോൺഗ്രസ് നേതൃത്വം. മുരളീധരന് ആരോഗ്യ വകുപ്പും ദേവസ്വവും നൽകാൻ തീരുമാനമായി. നേരത്തെ അദ്ദേഹത്തിന് വൈദ്യുതി വകുപ്പാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ വൈദ്യുതി വകുപ്പാണെങ്കിൽ ചുമതലയേൽക്കില്ലെന്ന് മുരളീധരൻ കർശന നിലപാടെടുത്തതോടെയാണ് നേതൃത്വം വഴങ്ങിയത്.

2004-ൽ എ.കെ. ആന്റണി മന്ത്രിസഭയിൽ മൂന്ന് മാസത്തോളം മുരളീധരൻ വൈദ്യുതി മന്ത്രിയായിരുന്നു. എന്നാൽ ഉപതിരഞ്ഞെടുപ്പിലെ തോൽവിയെത്തുടർന്ന് അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നിരുന്നു. രാഷ്ട്രീയ ജീവിതത്തിലെ ആ വലിയ തിരിച്ചടി നൽകിയ വകുപ്പ് വീണ്ടും ലഭിച്ചതിനോട് മുരളീധരൻ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു.


മുരളീധരന് പകരം എ.പി. അനിൽകുമാറിന് ആരോഗ്യ വകുപ്പ് നൽകാനായിരുന്നു നേരത്തെ നീക്കം നടത്തിയിരുന്നത്. മുരളീധരൻ ആരോഗ്യ വകുപ്പ് ഏറ്റെടുക്കുന്ന സാഹചര്യത്തിൽ വൈദ്യുതി വകുപ്പ് ആർക്ക് നൽകുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.


മന്ത്രിസഭയിലെ മറ്റ് വകുപ്പുകളിലും മാറ്റമുണ്ടായിട്ടുണ്ട്. ഷിബു ബേബി ജോണിന് വനം വകുപ്പും അതോടൊപ്പം കശുവണ്ടി വികസനം, നൈപുണ്യ വികസനം എന്നീ വകുപ്പുകളും ലഭിക്കും. നേരത്തെ ടി. സിദ്ധിഖിനായിരുന്നു വനം വകുപ്പ് നിശ്ചയിച്ചിരുന്നത്. വയനാട്ടിൽ നിന്നുള്ള മന്ത്രി എന്ന നിലയിൽ അവസാനവട്ട ചർച്ചകളിലാണ് സിദ്ധിഖ് മന്ത്രിമാരുടെ പട്ടികയിൽ ഇടംപിടിച്ചത്.


പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പായി നടന്ന ഈ നാടകീയ നീക്കങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായതോടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories