പുതിയ കേരള നിയമസഭയുടെ പ്രോടേം സ്പീക്കറായി അമ്പലപ്പുഴയിൽ നിന്നുള്ള മുതിർന്ന എം.എൽ.എ ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ലോക് ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ മുഖ്യമന്ത്രി, പുതിയ മന്ത്രിമാർ, വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ എന്നിവർ പങ്കെടുത്തു.
സഭയിലെ ഏറ്റവും മുതിർന്ന അംഗത്തെ പ്രോടേം സ്പീക്കറായി നിശ്ചയിക്കുന്ന കീഴ്‌വഴക്കമനുസരിച്ചാണ് ഇത്തവണ ജി. സുധാകരനെ ഈ പദവിയിലേക്ക് നിയോഗിച്ചത്. മുൻപ് സി.പി.എമ്മിന്റെ മുതിർന്ന നേതാവായിരുന്ന ജി. സുധാകരൻ, ഇത്തവണ സ്വതന്ത്രനായി മത്സരിച്ചാണ് അമ്പലപ്പുഴയിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചത്.
നാളെ ആരംഭിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക എന്നതാണ് പ്രോടേം സ്പീക്കറുടെ പ്രധാന ചുമതല. ഈ മാസം 22-ന് പുതിയ സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ ജി. സുധാകരൻ താത്കാലിക സ്പീക്കറായി സഭയെ നയിക്കും. സ്പീക്കർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കുന്നതും പ്രോടേം സ്പീക്കറുടെ സാന്നിധ്യത്തിലായിരിക്കും. യു.ഡി.എഫ് മുന്നണി സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്മാനെയും നിശ്ചയിച്ചിട്ടുണ്ട്.
അതിനിടെ, പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ തലസ്ഥാനത്ത് സജീവമായി തുടരുകയാണ്. ഉന്നതവിദ്യാഭ്യാസം, ഫിഷറീസ് തുടങ്ങിയ പ്രധാന വകുപ്പുകളെ ചൊല്ലി കോൺഗ്രസിനും മുസ്ലിം ലീഗിനും ഇടയിൽ ചർച്ചകൾ നടക്കുന്നുണ്ട്. ലീഗിന് ഫിഷറീസ് വകുപ്പ് നൽകാനാണ് നിലവിലെ ധാരണ. വകുപ്പുകളുടെ കാര്യത്തിൽ ഇന്ന് ഉച്ചയോടെ അന്തിമ തീരുമാനമുണ്ടാകുമെന്നും വൈകുന്നേരത്തോടെ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ വിജ്ഞാപനം ഗവർണർ പുറപ്പെടുവിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.