ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബിനീഷിന് പാർട്ടി അംഗത്വം നൽകുന്നത് സംസ്ഥാന നേതൃത്വം പരിശോധിച്ച ശേഷമേ തീരുമാനിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ബിനീഷ് കോടിയേരിക്ക് അംഗത്വം നൽകാത്തതിനെതിരെ ഉയർന്ന വിമർശനങ്ങൾക്കുള്ള മറുപടിയായാണ് ഗോവിന്ദന്റെ പ്രതികരണം.
ബിനീഷിന് പാർട്ടി അംഗത്വം നൽകണമെന്ന് ആവശ്യപ്പെടുന്നവർ, അദ്ദേഹം അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചില കുറിപ്പുകൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഗോവിന്ദൻ ചൂണ്ടിക്കാട്ടി. അത്തരം കാര്യങ്ങൾ കൂടി വിലയിരുത്തിയ ശേഷമായിരിക്കും അംഗത്വം നൽകുന്നതിൽ തീരുമാനമെടുക്കുക.
അംഗത്വം പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് കോടിയേരി നാല് തവണ അപേക്ഷ നൽകിയെങ്കിലും അതെല്ലാം പാർട്ടി സംസ്ഥാന നേതൃത്വം നിരസിക്കുകയായിരുന്നു. ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനെ തുടർന്നാണ് 2020-ൽ ബിനീഷിന്റെ പാർട്ടി അംഗത്വം മരവിപ്പിച്ചത്. തുടർന്ന് 2023-ൽ കേസിലെ കുറ്റാരോപണങ്ങളിൽ നിന്ന് പൂർണമായും വിമുക്തനായ ശേഷം, ജില്ലാ സെക്രട്ടറി വഴി അംഗത്വം പുതുക്കാൻ അദ്ദേഹം അപേക്ഷകൾ സമർപ്പിച്ചെങ്കിലും സംസ്ഥാന നേതൃത്വം ഇത് തുടർച്ചയായി നിരസിക്കുകയായിരുന്നു.
ബിനീഷ് കോടിയേരിയെ പാർട്ടിയിൽ സജീവമാക്കാതെ മാറ്റി നിർത്തിയിരിക്കുന്നതിനെതിരെ മുൻപ് കണ്ണൂർ ജില്ലാ കമ്മിറ്റിയിലും വിമർശനം ഉയർന്നിരുന്നു. ബിനീഷിനെ സജീവമാക്കാത്തത് എന്തുകൊണ്ടാണെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും ചോദ്യങ്ങളുയർന്നു. നേരത്തെ ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചിൽ അംഗമായിരുന്ന ബിനീഷ്, സോഷ്യൽ മീഡിയയിലൂടെ പാർട്ടിയെ പ്രതിരോധിക്കാൻ സജീവമായി രംഗത്തുണ്ടെന്ന കാര്യവും ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.