വി.ഡി. സതീശന്റെ ഗുരുവായൂർ, തൃപ്രയാർ ക്ഷേത്ര ദർശനങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ ആചാരലംഘനം ഉണ്ടായെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിക്കാൻ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. ഈ വിഷയത്തിൽ ഭരണപരമായ തലത്തിൽ ഉചിതമായ നടപടികൾ ഉണ്ടായില്ലെങ്കിൽ നിയമപരമായ വഴി തേടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വി.ഡി. സതീശൻ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ പാർട്ടി കൊടികളുമായി ക്ഷേത്രത്തിനകത്ത് പ്രവേശിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത് ക്ഷേത്ര സംസ്കാരത്തിന് യോജിച്ചതല്ലെന്ന് ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു. തൃപ്രയാർ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനകത്ത് കോൺഗ്രസ് പ്രവർത്തകർ ഷർട്ട് ധരിച്ച് പ്രവേശിച്ചതും പരമ്പരാഗതമായ ക്ഷേത്രാചാരങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വി.ഡി. സതീശനും അനുയായികളും നടത്തിയത് നിയമം ലംഘിച്ചുകൊണ്ടുള്ള വി.ഐ.പി ദർശനമാണെന്നും, ക്ഷേത്രപരിസരത്ത് രാഷ്ട്രീയ മുദ്രാവാക്യങ്ങൾ മുഴക്കാൻ പാടില്ലെന്ന അടിസ്ഥാന നിയമം കോൺഗ്രസ് കാറ്റിൽപ്പറത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ആചാരങ്ങൾ ലംഘിച്ചവർക്കെതിരെയും അതിന് കൂട്ടുനിന്നവർക്കെതിരെയും നടപടി ആവശ്യപ്പെട്ട് ബി.ജെ.പി കോടതിയെ സമീപിക്കുന്നത്.