സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം ഒടുവിൽ പുതുക്കി നൽകി. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിനീഷിന്റെ സിപിഐഎം അംഗത്വം പാർട്ടി പുനഃസ്ഥാപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് തിങ്കളാഴ്ച അംഗത്വം പുതുക്കി നൽകാൻ പാർട്ടി തീരുമാനിച്ചതെന്നാണ് സൂചന.
2021-ൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായതിനെ തുടർന്നാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചിൽ നിന്നും ബിനീഷിന്റെ അംഗത്വം റദ്ദാക്കിയത്. തുടർന്ന് 2023-ൽ കേസിൽ നിന്നും പൂർണ്ണമായും കുറ്റവിമുക്തനായതോടെ പാർട്ടിയിലേക്ക് മടങ്ങിവരാൻ ബിനീഷ് അപേക്ഷ നൽകിയിരുന്നു.
തിരുവനന്തപുരം ജില്ലാ കമ്മിറ്റി നാല് തവണ ബിനീഷിന്റെ അംഗത്വം പുതുക്കി നൽകണമെന്ന് ശുപാർശ ചെയ്തെങ്കിലും സംസ്ഥാന നേതൃത്വം ഇതിന് ആദ്യം തയ്യാറായിരുന്നില്ല. 'ആലോചിക്കാം' എന്ന മറുപടിയാണ് ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിൽ നിന്നും ലഭിച്ചിരുന്നത്. ഒടുവിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായതോടെയാണ് ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തത്.