Share this Article
News Malayalam 24x7
ഖമനേയിയുടെ സംസ്‌കാരം ഇന്ന് നടക്കും; ഇറാനിലെ മഷ്ഹദില്‍ ആണ് ചടങ്ങുകള്‍
Ayatollah Ali Khamenei State Funeral

യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ ഭൗതികശരീരം ഇന്ന് ജന്മനാടായ മഷാദിൽ സംസ്കരിക്കും. വടക്കുകിഴക്കൻ ഇറാനിലെ പ്രശസ്തമായ 'ഇമാം റെസ' മസ്ജിദിലാണ് ഖബറടക്ക ചടങ്ങുകൾ നടക്കുക. ഇതോടെ ആറ് ദിവസമായി ഇറാനിലും അയൽരാജ്യമായ ഇറാഖിലുമായി തുടരുന്ന ഔദ്യോഗിക വിലാപയാത്രകൾക്കും അനുശോചന ചടങ്ങുകൾക്കും സമാപനമാകും.

കഴിഞ്ഞ ഫെബ്രുവരി 28-ന് ടെഹ്‌റാനിലെ ഔദ്യോഗിക വസതിക്ക് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിലാണ് 86-കാരനായ അലി ഖമനേയിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. തുടർന്ന് മാസങ്ങൾ നീണ്ടുനിന്ന യുദ്ധസാഹചര്യങ്ങൾക്കും താൽക്കാലിക വെടിനിർത്തലിനും ശേഷമാണ് ഇപ്പോൾ വിപുലമായ രീതിയിൽ സംസ്കാര ചടങ്ങുകൾ നടക്കുന്നത്.


കഴിഞ്ഞ തിങ്കളാഴ്ച ടെഹ്റാനിൽ ആരംഭിച്ച വിലാപയാത്ര ഇറാഖിലെ പ്രധാന ഷിയാ തീർത്ഥാടന കേന്ദ്രങ്ങളായ നജാഫിലും കർബലയിലുമെത്തിയിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് ഇറാഖിൽ ഖമനേയിക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്. ഇറാഖിലെ പ്രധാന രാഷ്ട്രീയ-മത നേതാക്കളും ചടങ്ങുകളിൽ പങ്കെടുത്തു. തുടർന്ന് നജാഫിൽ നിന്നും പ്രത്യേക വിമാനത്തിൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് ഭൗതികശരീരം മഷാദിൽ എത്തിച്ചത്.


അലി ഖമനേയിയുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ ആയത്തുല്ല മുജ്തബ ഖമനേയിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കടുത്ത സുരക്ഷാ ഭീഷണികളും പിതാവ് കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ മുജ്തബയ്ക്ക് പരിക്കേറ്റതായുള്ള റിപ്പോർട്ടുകളും ഉള്ളതിനാൽ അദ്ദേഹം ഇന്നത്തെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കില്ല.


അതിവിപുലമായ സംസ്കാര ചടങ്ങുകളാണ് മഷാദിൽ ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങുകളിൽ ഒന്നരക്കോടിയോളം ജനങ്ങൾ പങ്കെടുക്കുമെന്നാണ് മഷാദ് ഗവർണർ വ്യക്തമാക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് ഇറാനിൽ കടുത്ത വ്യോമ-കര സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories