Share this Article
News Malayalam 24x7
സംസ്ഥാന വിജിലന്‍സിന് പുതിയ മാനുവല്‍
Kerala Vigilance Reform

സംസ്ഥാനത്ത് അഴിമതി വിരുദ്ധ പോരാട്ടവും ഭരണ സുതാര്യതയും കൂടുതൽ ശക്തമാക്കുന്നതിനായി സമഗ്രമായി പരിഷ്‌കരിച്ച പുതിയ വിജിലൻസ് മാനുവൽ പ്രകാശനം ചെയ്തു. അഴിമതിക്കെതിരായ ബോധവൽക്കരണവും സുതാര്യ ഭരണവും ലക്ഷ്യമിട്ട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (VACB) നടപ്പാക്കുന്ന 'പ്രോജക്ട് സീറോ' ക്യാമ്പയിന്റെ ഭാഗമായാണ് പരിഷ്കരിച്ച മാനുവൽ പുറത്തിറക്കിയത്. തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജിൽ നടന്ന ചടങ്ങിൽ ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പുതിയ മാനുവലിന്റെ പ്രകാശനം നിർവഹിച്ചു.

പുതിയ മാനുവൽ അനുസരിച്ച്, സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി ആരോപണം ഉയർന്നാൽ അല്ലെങ്കിൽ അഴിമതിയെക്കുറിച്ച് വ്യക്തമായ സംശയം ഉണ്ടായാൽ മുൻകൂർ ഗവൺമെന്റ് അനുമതി കാത്തുനിൽക്കാതെ വിജിലൻസിന് നേരിട്ട് അന്വേഷണവുമായി മുന്നോട്ട് പോകാം. വിജിലൻസ് ഡയറക്ടർക്ക് കൂടുതൽ പരമാധികാരം നൽകുന്നതാണ് പുതിയ ചട്ടങ്ങൾ. സിബിഐ, എൻഐഎ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളുടെ മാതൃകയിൽ കേരള വിജിലൻസ് ഉദ്യോഗസ്ഥർക്കും തിരിച്ചറിയാൻ സഹായിക്കുന്ന പ്രത്യേക യൂണിഫോമും (ജാക്കറ്റുകൾ) ഏർപ്പെടുത്തും.


മുൻകാലങ്ങളിൽ നിന്ന് വിപരീതമായി, ഡിജിറ്റൽ യുഗത്തിലെ സാമ്പത്തിക ക്രമക്കേടുകളും ഡിജിറ്റൽ കൈക്കൂലിയും തടയാനുള്ള പ്രത്യേക സംവിധാനങ്ങൾ പുതിയ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയ ഡിജിറ്റൽ ബാങ്കിങ് ഇടപാടുകൾ വഴിയുള്ള കൈക്കൂലി കണ്ടെത്താൻ 'ട്രാപ്പിങ് ഡിജിറ്റൽ മണി ട്രാൻസ്ഫർ' സംവിധാനം നിലവിൽ വരും.


ഇതുകൂടാതെ സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, വോയ്സ് റെക്കോർഡറുകൾ, സ്റ്റിങ് ഓപ്പറേഷൻ ദൃശ്യങ്ങൾ എന്നിവ പ്രാഥമിക തെളിവുകളായി കോടതിയിൽ സ്വീകരിക്കും. നേരിട്ടുള്ള ദൃക്‌സാക്ഷികൾ ഇല്ലെങ്കിൽ പോലും ശക്തമായ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ 6 മാസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ പുതിയ മാനുവൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.


വിജിലൻസിന്റെ അധികാരപരിധി പൊതുമേഖലാ സ്ഥാപനങ്ങൾ, ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള സ്വയംഭരണ ബോർഡുകൾ എന്നിവയിലേക്കും വ്യാപിപ്പിച്ചു. മികച്ച സേവനം അനുഷ്ഠിക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് പ്രത്യേക അവാർഡുകളും മെഡലുകളും ബാഡ്ജുകളും നൽകും. 2002-ന് ശേഷം ആദ്യമായാണ് വിജിലൻസ് മാനുവൽ ഇത്രയും സമഗ്രമായി പരിഷ്കരിക്കുന്നത്. പുതിയ മാനുവലിലെ അധ്യായങ്ങളുടെ എണ്ണം 14-ൽ നിന്ന് 29 ആയി ഉയർത്തിയിട്ടുണ്ട്.


ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുതിയ മാനുവലിന്റെ ആദ്യപ്രതി വിജിലൻസ് ഡയറക്ടറും ഡിജിപിയുമായ മനോജ് എബ്രഹാമിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ കേരള ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ മുഖ്യാതിഥിയായിരുന്നു. ആഭ്യന്തര-വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories