വയനാട് കല്ലാടി ഇരട്ട തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. ഇന്ന് നടത്തിയ ഊർജ്ജിത തെരച്ചിലിൽ നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തുകയായിരുന്നു. ദുരന്തം നടന്ന് മൂന്നാം ദിവസമായ ഇന്ന് കാലാവസ്ഥ അനുകൂലമായതോടെയാണ് തെരച്ചിൽ ദ്രുതഗതിയിലാക്കാൻ സാധിച്ചത്. ഇനി റാണ എന്ന് പറയുന്ന ഒരാളെക്കൂടിയാണ് കണ്ടെത്താനുള്ളത്.
ഇന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ മീനാക്ഷിപ്പുഴയിൽ നിന്നും പുഴയ്ക്ക് സമീപത്തുനിന്നുമാണ് ലഭിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയും ശക്തമായ കുത്തൊഴുക്കും രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാൽ ഇന്ന് മഴയ്ക്ക് അല്പം ശമനമുണ്ടായതോടെ ഒന്ന്, മൂന്ന് സോണുകളിൽ രക്ഷാപ്രവർത്തകർ വിശദമായ പരിശോധന നടത്തി. ദുരന്തം നടന്ന സ്ഥലത്തു നിന്നും ആളുകൾ മീനാക്ഷിപ്പുഴയിലേക്ക് ഒലിച്ചുപോയിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്നാണ് ഈ മേഖലയിൽ തെരച്ചിൽ ഊർജ്ജിതമാക്കിയത്.
ഇന്ന് മൃതദേഹം കണ്ടെത്തിയവരിൽ ബിഹാർ സ്വദേശിയും എക്സ്കവേറ്റർ ഓപ്പറേറ്ററുമായ മുഹമ്മദ് ഇമ്രാൻ, എൻജിനീയർ രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശിയായ സർവേയർ അസറുദ്ദീൻ എന്നിവരുമുണ്ട്. അവസാനത്തെ ആളായ റാണയ്ക്കായുള്ള തെരച്ചിൽ പുഴ കേന്ദ്രീകരിച്ച് പുരോഗമിക്കുകയാണ്.
പ്രതിപക്ഷ നേതാവ് പിണറായി വിജയനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററും ഇന്ന് ദുരന്തബാധിത പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ദേശീയ ദുരന്തനിവാരണ സേന (NDRF), സംസ്ഥാന ദുരന്തനിവാരണ സേന (SDRF), പോലീസ്, ഫയർഫോഴ്സ്, വനംവകുപ്പ് എന്നിവരുടെ സംയുക്ത സംഘമാണ് പ്രദേശത്ത് ക്യാമ്പ് ചെയ്ത് തെരച്ചിൽ നടത്തുന്നത്. വയനാട്ടിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, വരും മണിക്കൂറുകളിൽ മഴ വീണ്ടും ശക്തമാകുന്നതിന് മുൻപ് തന്നെ അവസാനത്തെയാളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാദൗത്യസംഘം.