വാൽപ്പാറ ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്ത് തോട്ടം തൊഴിലാളിയുടെ വീടിന് നേരെ കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.തോട്ടം തൊഴിലാളിയായ ഗുരുസ്വാമിയുടെ വീടിന് നേരെയാണ് കാട്ടാന ആക്രമണം അഴിച്ചുവിട്ടത്. വീടിന്റെ ജനലും വാതിലും കരിങ്കല്ല് ഉൾപ്പെടെ ഉപയോഗിച്ച് കെട്ടിപ്പൊക്കിയ ചുമരുകളും ആനക്കൂട്ടം തകർത്തു. ആക്രമണം നടക്കുന്ന സമയത്ത് വീട്ടുകാർ ഉറക്കത്തിലായിരുന്നു. ആനയുടെ ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ പുറകുവശത്തുകൂടി ഓടി രക്ഷപ്പെട്ടു. ഉടൻതന്നെ സമീപത്തെ തൊഴിലാളി ലയങ്ങളിലെ ആളുകളെ വിളിച്ച് വരുത്തി ആനക്കൂട്ടത്തെ തുരത്തുകയായിരുന്നു. ഭാഗ്യവശാൽ ആർക്കും പരിക്കേറ്റിട്ടില്ല.ഈ പ്രദേശത്ത് വന്യമൃഗ ആക്രമണം തുടർക്കഥയാണ്. ഇതിനു മുൻപും സമാനമായ രീതിയിൽ പുലിയുടെയും കാട്ടാനയുടെയും കരടിയുടെയും ആക്രമണങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു.