റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങിയോ എന്ന വിഷയത്തിൽ കേന്ദ്രസർക്കാർ വ്യക്തത നൽകണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി കീഴടങ്ങിയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ട്രംപിനെ ആരാണ് ചുമതലപ്പെടുത്തിയതെന്ന് പ്രതിപക്ഷം ചോദ്യമുന്നയിക്കുന്നു.
മുൻ കരസേന മേധാവി എം.എം. നരവാനെയുടെ പുസ്തകത്തെക്കുറിച്ച് സംസാരിക്കാൻ രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ചതിലും സഭയിൽ കടുത്ത പ്രതിഷേധമുണ്ട്.
എണ്ണ ഇറക്കുമതി വിഷയത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. എണ്ണ എവിടെ നിന്ന് വാങ്ങണം എന്നത് കമ്പനികളുടെ തീരുമാനമാണെന്നും അത് രാജ്യത്തിന്റെ തന്ത്രപരമായ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ വിഷയം വ്യാപാര കരാറിന്റെ ഭാഗമല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ, ഭാരത് പെട്രോളിയം അടക്കമുള്ള ഇന്ത്യൻ കമ്പനികൾ അടുത്ത മാസത്തേക്ക് കൂടുതൽ എണ്ണ വേണ്ടെന്ന് റഷ്യയെ അറിയിച്ചതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നുണ്ട്.
ഇന്ന് ബജറ്റ് ചർച്ച ആരംഭിക്കാനിരിക്കെ, പ്രതിപക്ഷ നിരയിൽ ഇക്കാര്യത്തിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. ചർച്ചയുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് നിലപാട് എടുക്കുമ്പോൾ, തൃണമൂൽ കോൺഗ്രസ് ചർച്ചയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പൊതുതീരുമാനത്തിൽ എത്താനായി 'ഇന്ത്യ' മുന്നണി കക്ഷികൾ ഇന്ന് രാവിലെ യോഗം ചേരുന്നുണ്ട്.
കഴിഞ്ഞ അഞ്ച് ദിവസമായി ലോക്സഭാ നടപടികൾ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് തടസ്സപ്പെട്ടിരുന്നു. ഇന്നും സമാനമായ രീതിയിൽ സഭ പ്രക്ഷുബ്ധമാകാനാണ് സാധ്യത.