Share this Article
News Malayalam 24x7
'സ്ഥലവും സമയവും കൂടി മുഖ്യമന്ത്രിക്ക് തീരുമാനിക്കാം', പറഞ്ഞ സമയത്ത് ഞാനെത്തും; വി ഡി സതീശൻ
V.D. Satheesan Accepts CM Pinarayi Vijayan’s Challenge

കേരളത്തിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് പരസ്യമായ സംവാദത്തിന് തയ്യാറാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വെല്ലുവിളി മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. സന്തോഷത്തോടെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും സംവാദത്തിനുള്ള സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തന്നെ തീരുമാനിക്കാമെന്നും വി.ഡി സതീശൻ തിരിച്ചടിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വികസനത്തെച്ചൊല്ലിയുള്ള വാക്പോര് സംവാദത്തിലേക്ക് വഴിമാറുകയാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വികസനത്തെച്ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ രൂക്ഷമായ ആരോപണപ്രത്യാരോപണങ്ങൾ നടന്നു വരികയായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രി പത്ത് വർഷത്തെ എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ വിവരിച്ചുകൊണ്ട് ഫേസ്ബുക്കിൽ പ്രോഗ്രസ് കാർഡ് പങ്കുവെച്ചത്. വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, പെരിമ്പലം പാലം ഉൾപ്പെടെയുള്ള പ്രവൃത്തികൾ, ക്ഷേമ പെൻഷൻ വർധന, കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാനുള്ള ശ്രമങ്ങൾ, സർക്കാർ ജീവനക്കാർക്കുള്ള ഡി.എ, ശമ്പള പരിഷ്കരണം തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രി എടുത്തു പറഞ്ഞു.


തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. സംവാദത്തിനുള്ള ഏറ്റവും വലിയ വേദി നിയമസഭയാണെന്നും എന്നാൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പോലും പ്രതിപക്ഷം ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ പറഞ്ഞാൽ മറുപടി കിട്ടുമെന്ന ഭയത്താലാണ് പ്രതിപക്ഷം ഒളിച്ചോടുന്നത്. കേന്ദ്ര സർക്കാർ കേരളത്തെ അവഗണിച്ചപ്പോൾ യു.ഡി.എഫ് എം.പിമാർ പാർലമെന്റിൽ ശബ്ദമുയർത്തിയില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.


അതേസമയം, മുഖ്യമന്ത്രിയുടേത് പച്ചക്കള്ളമാണെന്നും വികസന മുരടിപ്പാണ് സംസ്ഥാനത്തുള്ളതെന്നും വി.ഡി സതീശൻ ആരോപിച്ചു. ലൈഫ് പദ്ധതി, അതിദാരിദ്ര്യ നിർമ്മാർജ്ജനം, പുനർഗേഹം പദ്ധതി എന്നിവയിലൊന്നും സർക്കാർ അവകാശപ്പെടുന്ന വിജയം ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. എന്തായാലും വരും ദിവസങ്ങളിൽ വികസനം തന്നെയാകും രാഷ്ട്രീയ കേരളത്തിലെ പ്രധാന ചർച്ചാവിഷയം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories