Share this Article
News Malayalam 24x7
ഒമ്പത് നാള്‍, പ്രചാരണം ശക്തമാക്കി മുന്നണികൾ
 Campaigns Intensify with Nine Days Left for Polling

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുന്നു. വോട്ടെടുപ്പിന് കൃത്യം ഒൻപത് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, വോട്ടർമാരെ നേരിൽ കാണാനും വോട്ട് ഉറപ്പിക്കാനുമുള്ള തിരക്കിലാണ് മുന്നണികൾ. ദേശീയ നേതാക്കളെയും താരപ്രചാരകരെയും അണിനിരത്തിക്കൊണ്ടുള്ള വമ്പൻ പ്രചാരണ പരിപാടികളാണ് ഇന്ന് സംസ്ഥാനത്തുടനീളം നടക്കുന്നത്.

യുഡിഎഫ് പ്രചാരണത്തിന് ആവേശം പകരാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് വടക്കൻ കേരളത്തിലുണ്ട്. കണ്ണൂരിലെ പൊതുസമ്മേളനത്തിന് ശേഷം അദ്ദേഹം കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, ബാലുശ്ശേരി തുടങ്ങിയ മണ്ഡലങ്ങളിൽ നടക്കുന്ന പ്രചാരണ പരിപാടികളിലും റോഡ് ഷോകളിലും പങ്കെടുക്കും. വടക്കൻ കേരളത്തിൽ യുഡിഎഫിന് വലിയ മേൽക്കൈ നേടിക്കൊടുക്കുകയാണ് രാഹുലിന്റെ സന്ദർശന ലക്ഷ്യം.


എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരം ജില്ലയിലുണ്ട്. ത്രികോണ മത്സരം നടക്കുന്ന നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം തുടങ്ങിയ മണ്ഡലങ്ങളിൽ മുഖ്യമന്ത്രി ഇന്ന് സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് നടത്തിയ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് മറുപടി നൽകുമെന്നാണ് സി.പി.ഐ.എം പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.


ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ തിരുവനന്തപുരത്തെത്തിയാണ് പ്രകടന പത്രിക പ്രകാശനം ചെയ്യുന്നത്. അതിവേഗ റെയിൽ പദ്ധതി ഉൾപ്പെടെയുള്ള വികസന വാഗ്ദാനങ്ങൾ പത്രികയിൽ ഇടംപിടിച്ചേക്കുമെന്നാണ് സൂചന. നാളെ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് എറണാകുളത്ത് പ്രചാരണത്തിന് എത്തും.


പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് ഇക്കുറി നടക്കുന്നത്. സ്ത്രീകളെയും യുവാക്കളെയും ആകർഷിക്കാനുള്ള പ്രത്യേക പദ്ധതികളും വാഗ്ദാനങ്ങളുമായാണ് മുന്നണികൾ രംഗത്തുള്ളത്. പ്രചാരണത്തിന് സമയം കുറവായതിനാൽ കിട്ടുന്ന സമയം പരമാവധി പ്രയോജനപ്പെടുത്തി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories