നവകേരള നിർമ്മിതി ലക്ഷ്യമിട്ടുള്ള 60 ഇന കർമ്മപദ്ധതികളുമായി ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. സാമൂഹിക സുരക്ഷാ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കുമെന്നതാണ് പത്രികയിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം. കേരളത്തിൽ കേവല ദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാക്കുമെന്നും വോട്ടർമാരെ ആകർഷിക്കുന്ന ഒട്ടേറെ വികസന വാഗ്ദാനങ്ങളും പത്രിക മുന്നോട്ടുവെക്കുന്നു.
സാമൂഹിക സുരക്ഷാ പെൻഷൻ ഘട്ടം ഘട്ടമായി 3000 രൂപയിലേക്ക് ഉയർത്തും. 'ലൈഫ് മിഷൻ 2.0' ആരംഭിക്കുന്നതോടെ കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമാക്കി മാറ്റും. എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാക്കുമെന്നും കിടപ്പുരോഗികൾക്കും വൃദ്ധർക്കും സമ്പൂർണ്ണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്നും പത്രികയിൽ പറയുന്നു.
സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകിക്കൊണ്ട് 100 സ്ത്രീകളിൽ 50 പേർക്കെങ്കിലും ജോലി ഉറപ്പാക്കുമെന്ന് എൽഡിഎഫ് വാഗ്ദാനം ചെയ്യുന്നു. കയർ, കൈത്തറി, കശുവണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളെ ആധുനികവൽക്കരിക്കുകയും നവീകരിക്കുകയും ചെയ്യും. സഹകരണ മേഖലയെ അഴിമതിരഹിതമാക്കി കൂടുതൽ ശക്തിപ്പെടുത്തും.
തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതികൾ നടപ്പിലാക്കും. കെഎസ്ആർടിസിയെ ലാഭത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കും. കൊച്ചി വാട്ടർ മെട്രോ ആലപ്പുഴ, കൊല്ലം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കും. അതിവേഗ റെയിൽപാതയ്ക്കായുള്ള പരിശ്രമങ്ങൾ തുടരുന്നതിനൊപ്പം ജലഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കും. കണ്ണൂർ വിമാനത്താവളത്തിന് 'ഇന്റർനാഷണൽ പോർട്ട് ഓഫ് കോൾ' പദവി ഉറപ്പാക്കുമെന്നും എൽഡിഎഫ് വ്യക്തമാക്കുന്നു.
പാൽ ഉത്പാദനത്തിൽ കേരളത്തെ സ്വയംപര്യാപ്തമാക്കും. വന്യമൃഗശല്യം പരിഹരിക്കാൻ വനത്തിനുള്ളിൽ വെള്ളവും ഫലവൃക്ഷങ്ങളും ഉറപ്പുവരുത്തി മൃഗങ്ങളെ വനത്തിനുള്ളിൽ തന്നെ നിലനിർത്താൻ പദ്ധതി തയ്യാറാക്കും. ഇടുക്കി, വയനാട്, കാസർകോട്, കുട്ടനാട്, തീരദേശം എന്നിവയ്ക്കായുള്ള പ്രത്യേക പാക്കേജുകൾ തുടരും.
പരിവർത്തിത ക്രൈസ്തവർക്കും പട്ടികജാതിക്കാർക്കും വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തുല്യമായി നൽകും. ശബരിമല മാസ്റ്റർ പ്ലാൻ പൂർത്തിയാക്കും. ദേവസ്വം ബോർഡിന്റെ പരിധിയിൽ വരാത്ത ക്ഷേത്രങ്ങളിലെ ജീവനക്കാർക്കായി പ്രത്യേക ക്ഷേമനിധി ഏർപ്പെടുത്തും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഇടതുമുന്നണി പ്രകടനപത്രികയിലൂടെ ഉറപ്പുനൽകുന്നു.
കേരളത്തിന്റെ സമഗ്ര വികസനവും സാധാരണക്കാരുടെ ക്ഷേമവും മുൻനിർത്തിയുള്ള ഈ 60 ഇന പദ്ധതികൾ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്ന് പ്രകടനപത്രിക പ്രകാശനം ചെയ്തുകൊണ്ട് നേതാക്കൾ അവകാശപ്പെട്ടു.