Share this Article
News Malayalam 24x7
UDF പ്രകടന പത്രിക പുറത്തിറക്കി
UDF Releases Kerala Election Manifesto

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് പത്രിക പ്രകാശനം ചെയ്തത്. ക്ഷേമപെൻഷൻ 3000 രൂപയാക്കി വർദ്ധിപ്പിക്കുമെന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്.

ജനക്ഷേമത്തിനും വികസനത്തിനും മുൻഗണന നൽകുന്ന നിരവധി പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്. ആശാ വർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയാക്കി ഉയർത്തും. കൂടാതെ, ഭിന്നശേഷിക്കാർക്ക് നിലവിലുള്ളതിനേക്കാൾ ഉയർന്ന നിരക്കിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ഉറപ്പാക്കും.

യുവജനങ്ങൾക്കായി 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പയും കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിമാസം 1000 രൂപയും പത്രിക വാഗ്ദാനം ചെയ്യുന്നു. 'ഇന്ദിര കാന്റീനുകൾ' സംസ്ഥാന വ്യാപകമായി ആരംഭിക്കുമെന്നും ഇതിലൂടെ കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുമെന്നും യുഡിഎഫ് പറയുന്നു.

കാർഷിക മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി 'കാർഷിക ബജറ്റ്' അവതരിപ്പിക്കും. റബ്ബറിന്റെ താങ്ങുവില 300 രൂപയായി ഉയർത്തും. വയനാട്ടിൽ ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുമെന്നും തീരദേശ മേഖലയിലെ ജനങ്ങൾക്കായി പ്രത്യേക ഭവന പദ്ധതികൾ നടപ്പിലാക്കുമെന്നും പത്രികയിൽ പറയുന്നുണ്ട്.

ആരോഗ്യ ഇൻഷുറൻസ് രംഗത്ത് 'ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്' പദ്ധതിയും ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഡയാലിസിസ് സൗകര്യവും ഉറപ്പുനൽകുന്നു. ശബരിമല ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമനിർമ്മാണം നടത്തുമെന്നും രാഷ്ട്രീയ സംഘർഷങ്ങൾ ഇല്ലാതാക്കാൻ പ്രത്യേക 'സമാധാന വകുപ്പ്' രൂപീകരിക്കുമെന്നും യുഡിഎഫ് പ്രകടനപത്രികയിലൂടെ അറിയിച്ചു.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള സമഗ്രമായ വികസന രേഖയാണ് ഇതെന്ന് നേതാക്കൾ അവകാശപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories