തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അധിക്ഷേപ പരാമർശങ്ങൾക്കും മുൻ സി.പി.ഐ.എം നേതാവ് ജി. സുധാകരന്റെ രാഷ്ട്രീയ മാറ്റത്തിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ പാലിക്കേണ്ട മിനിമം മര്യാദകളെങ്കിലും രേവന്ത് റെഡ്ഡി കാണിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
'പോ മോനെ വിജയ' എന്ന രേവന്ത് റെഡ്ഡിയുടെ പരിഹാസത്തിന് "ഡാഷ് മോനെ രേവന്തേ, മറുപടി വരുന്നുണ്ട്" എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ പുലർത്തേണ്ട ചില രീതികളും അന്തസ്സും ഉണ്ടെന്നും, തന്റെ പെരുമാറ്റം ആ പദവിക്ക് ചേർന്നതാണോ എന്ന് രേവന്ത് റെഡ്ഡി തന്നെ സ്വയം ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ കൂടുതൽ വിശദീകരിക്കുന്നില്ലെങ്കിലും വരും ദിവസങ്ങളിൽ ഇതിന് കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ നിലപാടുകൾ മാറ്റിയ ജി. സുധാകരനെതിരെയും രൂക്ഷമായ വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന പ്രസ്താവനകളാണ് സുധാകരൻ ഇപ്പോൾ നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് സുധാകരൻ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ അധഃപതനത്തിന്റെ തെളിവാണ്—മുഖ്യമന്ത്രി പറഞ്ഞു.
സി.എസ്. സുജാതക്കെതിരായ സുധാകരന്റെ പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഇത്തരം രീതികൾ കേരളത്തിന്റെ പൊതുസമൂഹത്തിന് ചേർന്നതല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശത്രുപാളയത്തിൽ എത്തിയതിന്റെ ഭാഗമായി അവരെ പ്രീതിപ്പെടുത്താനാണ് ഇത്തരത്തിലുള്ള പ്രസ്താവനകൾ അദ്ദേഹം നടത്തുന്നത്. വരും ദിവസങ്ങളിലും സുധാകരനിൽ നിന്ന് ഇത്തരം പരാമർശങ്ങൾ പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കെ മുഖ്യമന്ത്രിയുടെ ഈ പ്രതികരണങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.