തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലുണ്ടായ പടക്ക നിർമ്മാണ ശാലയിലെ സ്ഫോടനത്തിൽ മരണസംഖ്യ 25 ആയി ഉയർന്നു. സംഭവവുമായി ബന്ധപ്പെട്ട് പടക്കശാല ഉടമകളുടെ ബന്ധുക്കളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒളിവിൽ കഴിയുന്ന പടക്കശാല ഉടമകളായ മുത്തുമാണിക്യം, ഈശ്വരി എന്നിവരെ പിടികൂടാനായി പൊലീസ് നാല് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി. മധുര, തേനി ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും തിരച്ചിൽ നടക്കുന്നത്. പ്രതികൾക്കെതിരെ സുരക്ഷാ വീഴ്ച ഉൾപ്പെടെ നാല് വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മധുര, തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രികളിൽ നിന്നുള്ള 14 അംഗ പ്രത്യേക സംഘമാണ് മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടത്തുന്നത്. പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർദ്ദേശം നൽകി. കൊല്ലപ്പെട്ടവരിൽ നാലുപേരുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ 10 കിലോമീറ്ററോളം ദൂരത്തിൽ പ്രകമ്പനം അനുഭവപ്പെട്ടതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഒട്ടേറെപ്പേർ മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.