തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലുണ്ടായ പടക്ക നിർമ്മാണ ശാലയിലെ സ്ഫോടനത്തിൽ മരണസംഖ്യ 24 ആയി ഉയർന്നു. ചികിത്സയിലായിരുന്ന ചിലർ കൂടി മരണത്തിന് കീഴടങ്ങിയതോടെയാണ് മരണസംഖ്യ ഉയർന്നത്. മരിച്ചവരിൽ നാലുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. ഇവർക്കായി ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആറുപേർ മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ നില ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൽ പടക്കശാല ഉടമകളായ മുത്തുമാണിക്യം, ഈശ്വരി എന്നിവർക്കെതിരെ വച്ചക്കാരൻപെട്ടി പൊലീസ് കേസെടുത്തു. സ്ഥാപനത്തിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മനഃപൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെ നാല് പ്രധാന വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സാധാരണഗതിയിൽ അവധി നൽകേണ്ട ഞായറാഴ്ച ദിവസം പടക്കശാല പ്രവർത്തിച്ചതിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് പടക്കങ്ങൾക്ക് ആവശ്യക്കാർ കൂടിയ സാഹചര്യത്തിൽ പ്രത്യേക അനുമതി വാങ്ങിയാണോ സ്ഥാപനം പ്രവർത്തിച്ചതെന്ന് പരിശോധിച്ചുവരികയാണ്. പത്തോളം കിലോമീറ്റർ ചുറ്റളവിൽ സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സ്ഥലത്ത് ഫയർഫോഴ്‌സും പൊലീസും ചേർന്ന് പരിശോധനകൾ പൂർത്തിയാക്കി.