തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആവേശകരമായി പുരോഗമിക്കുന്നു. രാവിലെ ഏഴു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറു വരെ തുടരും. സംസ്ഥാനത്തുടനീളം 5.73 കോടി വോട്ടർമാരാണ് ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവർ ചെന്നൈയിലെ എസ്‌ഐഇടി കോളേജിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി എടപ്പാടിയിലെ ബൂത്തിലും വോട്ട് ചെയ്തു. തമിഴ് സിനിമാ ലോകത്തെ പ്രമുഖരും വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ പോളിംഗ് ബൂത്തുകളിലെത്തി. നടൻമാരായ രജനീകാന്ത്, അജിത് എന്നിവർ നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തി. ടിവികെ അധ്യക്ഷൻ കൂടിയായ നടൻ വിജയ് നീലാങ്കരയിലെ ബൂത്തിലെത്തിയാണ് വോട്ട് ചെയ്തത്. ബിജെപി നേതാവും നടിയുമായ ഖുശ്ബുവും വോട്ട് രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പ് വിവരങ്ങൾ ഒറ്റനോട്ടത്തിൽ:
ആകെ മണ്ഡലങ്ങൾ: 234
ആകെ വോട്ടർമാർ: 5.73 കോടി (പുരുഷന്മാർ: 2.80 കോടി, സ്ത്രീകൾ: 2.93 കോടി, ട്രാൻസ്ജെൻഡർ: 7,728)
സ്ഥാനാർത്ഥികൾ: 4,023 (പുരുഷന്മാർ: 3,580, സ്ത്രീകൾ: 442, ട്രാൻസ്ജെൻഡർ: 1)
പോളിംഗ് ബൂത്തുകൾ: 75,032 (38 ജില്ലകളിലായി)
സുരക്ഷ: എൺപതിനായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഇതിൽ 5,949 ബൂത്തുകൾ അതീവ സുരക്ഷാ വിഭാഗത്തിൽ ഉൾപ്പെട്ടവയാണ്.
ഡിഎംകെ നേതൃത്വം നൽകുന്ന മതേതര പുരോഗമന സഖ്യവും എഐഎഡിഎംകെ-ബിജെപി സഖ്യവും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. നടൻ വിജയുടെ രാഷ്ട്രീയ പാർർട്ടിയായ ടിവികെയുടെ സാന്നിധ്യം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാണ്. ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങളിലെ സാങ്കേതിക തകരാർ മൂലം വോട്ടെടുപ്പ് അല്പസമയം വൈകിയെങ്കിലും നിലവിൽ പോളിംഗ് സുഗമമായി നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.