തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ രാഷ്ട്രീയനീക്കങ്ങൾ സജീവം. വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന് (TVK) പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ്, എന്നാൽ നിബന്ധനകളോടെയാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ടി.വി.കെ സർക്കാർ രൂപീകരിക്കുമ്പോൾ മറ്റ് മുന്നണികളുമായോ ബി.ജെ.പി, എൻ.ഡി.എ സഖ്യകക്ഷികളുമായോ സഖ്യം ചേരരുത് എന്നതാണ് കോൺഗ്രസിന്റെ പ്രധാന ഉപാധി.
ഇതിനിടെ, വിജയിയുടെ കത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ നടത്തിയ പ്രതികരണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നുണ്ട്. "വിജയിയുടെ കത്തിൽ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും, ഭരണഘടനാപരമായ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമെ അന്തിമ തീരുമാനമെടുക്കൂ" എന്നും ഗവർണർ അറിയിച്ചു. ഭരണഘടനയിൽ പല സാധ്യതകളും നിലനിൽക്കുന്നുണ്ടെന്നും, സഖ്യമില്ലാതെ പുറത്തുനിന്ന് പിന്തുണയ്ക്കാമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കോൺഗ്രസിന്റെ പിന്തുണ ലഭിച്ചതിന് പിന്നാലെ സി.പി.ഐയും സി.പി.ഐ.എമ്മും പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ടി.വി.കെയുടെ രാഷ്ട്രീയ നീക്കങ്ങളെ തമിഴ്‌നാട് ജനത വലിയ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഈ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് അന്തിമ റിപ്പോർട്ട് ഹൈക്കമാൻഡിന് സമർപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.