പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലേറുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണ്ണായക ചർച്ചകൾ ഇന്ന് നടക്കും. വൈകിട്ട് നാലുമണിക്ക് കൊൽക്കത്തയിൽ ചേരുന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി എന്നിവരാണ് കേന്ദ്ര നിരീക്ഷകരായി യോഗത്തിൽ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവായിരുന്ന സുവേന്ദു അധികാരിക്കാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. മമത ബാനർജിയെ രണ്ട് തവണ പരാജയപ്പെടുത്തിയതും സംസ്ഥാനത്ത് ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ നേതൃത്വം നൽകിയതും സുവേന്ദുവിന് അനുകൂല ഘടകങ്ങളാണ്.
സുവേന്ദുവിനെ കൂടാതെ ദിലീപ് ഘോഷ്, സമിക് ഭട്ടാചാര്യ, അഗ്നിമിത്ര പോൾ, രൂപ ഗാംഗുലി എന്നിവരുടെ പേരുകളും സജീവമായി ചർച്ചയിലുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാൻ മമത ബാനർജി തയ്യാറാവാത്തതിനെത്തുടർന്ന് ഇന്നലെ വൈകിട്ടോടെ ഗവർണർ സി.വി. ആനന്ദ ബോസ് മന്ത്രിസഭ പിരിച്ചുവിട്ടിരുന്നു. നിലവിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിനുള്ള ശുപാർശ ഗവർണർ നൽകിയിട്ടുണ്ട്.
മറ്റന്നാൾ രാവിലെ പത്തുമണിക്ക് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ബംഗാളിൽ ആദ്യമായി അധികാരത്തിലേറുന്ന ബിജെപി സർക്കാരിനെ ആര് നയിക്കും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.