കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകുന്നതിനിടെ നിർണ്ണായക തീരുമാനങ്ങളുമായി മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം പാണക്കാട് ചേർന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ മെല്ലെപ്പോക്കിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. പത്ത് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാത്തത് ജനങ്ങൾക്കിടയിൽ മുന്നണിക്ക് മോശം പ്രതിച്ഛായയുണ്ടാക്കുമെന്ന് ലീഗ് വിലയിരുത്തി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് ലീഗ് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം സാദിഖലി തങ്ങൾ സോണിയ ഗാന്ധിയെ ഫോണിലൂടെ അറിയിച്ചു. ജനവികാരം വി.ഡി. സതീശന് അനുകൂലമാണെന്നും അത് മാനിക്കണമെന്നുമാണ് ലീഗിന്റെ പക്ഷം.
മന്ത്രിസഭാ രൂപീകരണത്തിൽ അഞ്ച് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന മുൻ നിലപാടിൽ ലീഗ് ഉറച്ചുനിൽക്കുകയാണ്. കഴിഞ്ഞ തവണ നാല് മന്ത്രിമാരും ഒരു ഡെപ്യൂട്ടി സ്പീക്കറുമാണ് ലീഗിനുണ്ടായിരുന്നത്. എന്നാൽ ഇത്തവണ സീറ്റ് നില വർദ്ധിപ്പിച്ച സാഹചര്യത്തിൽ അഞ്ച് മന്ത്രിമാർ വേണമെന്നാണ് ആവശ്യം. മന്ത്രിസ്ഥാനത്തേക്ക് പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. അഞ്ചാം മന്ത്രിയായി ആര് വരണമെന്ന കാര്യത്തിലും ഡെപ്യൂട്ടി സ്പീക്കർ പദവിയിലും ഇന്ന് തീരുമാനമുണ്ടാകും. യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ ഉൾപ്പെടെയുള്ള നേതാക്കളും ചർച്ചകളുടെ ഭാഗമായി.