Share this Article
News Malayalam 24x7
വീണ്ടും സസ്പെൻസ്; നിയമസഭാ കക്ഷി യോഗം വൈകും
Kerala Next Chief Minister Suspense

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചേരുമെന്ന് അറിയിച്ചിരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി (CLP) യോഗം വൈകീട്ട് നാല് മണിയിലേക്ക് മാറ്റി. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ തുടരുന്ന സസ്പെൻസ് നീളുന്നതിനിടെയാണ് യോഗം വൈകുന്നത്.

ഇന്ന് രാവിലെ ഒൻപത് മണിയോടെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വസതിയിലെത്തി ചർച്ച നടത്തി. ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന ഈ കൂടിക്കാഴ്ചയിൽ അന്തിമ തീരുമാനം കൈക്കൊണ്ടതായാണ് സൂചന. എങ്കിലും, എ.ഐ.സി.സി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുൻഷി എന്നിവരോട് തൽക്കാലം ദൽഹിയിൽ തന്നെ തുടരാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവർ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ വൈകീട്ടോടെ തിരുവനന്തപുരത്തെത്തും.


മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകുന്നതിൽ യു.ഡി.എഫ് ഘടകകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തിയുണ്ട്. മുസ്ലിം ലീഗ്, ആർ.എസ്.പി തുടങ്ങിയ പാർട്ടികൾ ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എം.എൽ.എമാരിൽ ഒരാൾ തന്നെ മുഖ്യമന്ത്രിയാകണമെന്ന നിലപാടിൽ പി.ജെ ജോസഫ് ഉറച്ചുനിൽക്കുകയാണ്. ഇത് കെ.സി വേണുഗോപാലിന്റെ സാധ്യതകളെ ബാധിക്കുമോ എന്ന ആശങ്ക പാർട്ടി പ്രവർത്തകർക്കിടയിലുണ്ട്.


വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. മൂന്ന് നേതാക്കളുടെയും അനുയായികൾ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആരെ മുഖ്യമന്ത്രിയാക്കിയാലും പാർട്ടിയിൽ മറ്റ് പ്രശ്നങ്ങൾ ഉണ്ടാകതിരിക്കാനുള്ള മുൻകരുതലുകൾ ഹൈക്കമാൻഡ് സ്വീകരിക്കുന്നുണ്ട്.


നിയമസഭാ കക്ഷി യോഗത്തിന് ശേഷം നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും. പത്തുദിവസത്തിലേറെ നീണ്ട കാത്തിരിപ്പിന് ഇന്ന് വൈകീട്ടോടെ വിരാമമാകുമെന്നാണ് കെ.പി.സി.സി നേതൃത്വം നൽകുന്ന സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories