Share this Article
News Malayalam 24x7
'TVK സര്‍ക്കാര്‍ താഴെ വീണേക്കും'; എം കെ സ്റ്റാലിന്‍
TVK Government May Fall, Says MK Stalin

തമിഴ്‌നാട്ടിൽ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ ഏതുസമയത്തും താഴെ വീഴാമെന്നും ഡിഎംകെ പ്രവർത്തകർ ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കണമെന്നും പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. ചെന്നൈയിൽ നടന്ന ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ നിർണ്ണായക യോഗത്തിലാണ് സ്റ്റാലിൻ ഇത്തരമൊരു പരാമർശം നടത്തിയത്.

2029-ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം തന്നെ തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാൻ വലിയ സാധ്യതയുണ്ടെന്ന് സ്റ്റാലിൻ സൂചിപ്പിച്ചു. രാഷ്ട്രീയ സാഹചര്യങ്ങൾ ഏതു നിമിഷവും മാറിമറിയാമെന്നും, ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി സംവിധാനം എപ്പോഴും സജ്ജമായിരിക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു.


പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ചയായി. ഒരു നേതാവ് എന്ന നിലയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം താൻ പൂർണ്ണമായും ഏറ്റെടുക്കുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. പരാജയങ്ങളിൽ തളരാതെ പ്രവർത്തകർ താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


തമിഴ്‌നാട് മുഖ്യമന്ത്രി കൂടിയായ വിജയിയുടെ സർക്കാരിനെതിരെ സ്റ്റാലിൻ പരസ്യമായി രംഗത്തെത്തിയത് തമിഴ് രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറന്നിരിക്കുകയാണ്. ടിവികെ സർക്കാരിന്റെ നിലനിൽപ്പിനെക്കുറിച്ച് സ്റ്റാലിൻ നടത്തിയ ഈ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories