Share this Article
News Malayalam 24x7
മന്ത്രിസഭയിൽ ആരെല്ലാം? വൈകീട്ട് പ്രഖ്യാപനത്തിന് സാധ്യത
VD Satheesan Cabinet

വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ മുഴുവൻ പേരും ഇന്ന് പ്രഖ്യാപിക്കുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ അറിയിച്ചു. തിങ്കളാഴ്ചയാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ഇതിന് മുന്നോടിയായി നാളെ ഉച്ചയോടെ മന്ത്രിമാരുടെ അന്തിമ പട്ടിക ഗവർണർക്ക് കൈമാറാനാണ് യു.ഡി.എഫ് യോഗം തീരുമാനിച്ചിരിക്കുന്നത്.

കൂടുതൽ ചർച്ചകൾക്കായി യു.ഡി.എഫ് ഇന്ന് വീണ്ടും യോഗം ചേരും. മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിൽ നിന്ന് 12 മന്ത്രിമാരും സ്പീക്കർ സ്ഥാനവും ഉണ്ടാകുമെന്നാണ് സൂചന. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുകയാണ്. അഞ്ച് എം.എൽ.എമാർക്ക് ഒരു മന്ത്രി എന്ന കണക്കിൽ മുസ്ലിം ലീഗിന് നാല് മന്ത്രിസ്ഥാനങ്ങളാണ് നിലവിൽ ലഭിക്കുക. ഇതിനുപുറമെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനമോ ചീഫ് വിപ്പ് പദവിയോ ലീഗിന് നൽകിയേക്കും.


ഏഴ് എം.എൽ.എമാരുള്ള കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഒരു മന്ത്രിസ്ഥാനവും ക്യാബിനറ്റ് പദവിയുള്ള മറ്റൊരു സ്ഥാനവും നൽകാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ആർ.എസ്.പി ടൂറിസം, ഫിഷറീസ് വകുപ്പുകൾക്കായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അതേസമയം, മന്ത്രിസ്ഥാനം തങ്ങളുടെ അജണ്ടയിലില്ലെന്ന് ആർ.എം.പി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.


രമേശ് ചെന്നിത്തലയുടെ മന്ത്രിസഭയിലെ പങ്കാളിത്തവും അദ്ദേഹത്തിന് നൽകേണ്ട വകുപ്പും ചർച്ചകളിൽ പ്രധാനമാണ്. അദ്ദേഹം ആഭ്യന്തര വകുപ്പിനായി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ. എന്നാൽ സതീശനും ചെന്നിത്തലയും തമ്മിൽ യാതൊരു അസ്വാരസ്യവുമില്ലെന്നും തങ്ങൾ സഹോദരങ്ങളെപ്പോലെയാണെന്നും ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചു.


മെയ് 21-ന് പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിക്കും. മെയ് 29-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും, ജൂൺ ആദ്യ വാരത്തിൽ തന്നെ ബജറ്റ് അവതരണവും നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇന്നത്തെ യു.ഡി.എഫ് യോഗത്തിന് ശേഷം വൈകുന്നേരത്തോടെ മന്ത്രിമാരുടെ കാര്യത്തിൽ പൂർണ്ണമായ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories