നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. ഘടകകക്ഷികളുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്. നാളെയാണ് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ.
അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകാമെന്ന് കോൺഗ്രസ് ഉറപ്പ് നൽകിയ സാഹചര്യത്തിൽ ലീഗിൽ മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണയായി. എൻ. ഷംസുദ്ദീൻ, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പാറക്കൽ അബ്ദുള്ള എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ അഞ്ചാമത്തെ മന്ത്രി ആരെന്ന് എന്നതിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നു. കളമശ്ശേരിയിൽ നിന്നുള്ള വി.ഇ. അബ്ദുൽ ഗഫൂർ, മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്‌റഫ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. മലപ്പുറത്ത് നിന്ന് കൂടുതൽ മന്ത്രിമാർ വേണ്ട എന്ന നിലപാടിലാണ് പി.കെ. ബഷീറിനെ ഒഴിവാക്കിയത്. സാധാരണയായി ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പ് ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
രണ്ട് മന്ത്രിസ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിടത്തും വിജയിച്ച മികച്ച സ്ട്രൈക്ക് റേറ്റ് ചൂണ്ടിക്കാട്ടിയാണ് അവർ ഈ ആവശ്യം ഉന്നയിക്കുന്നത്. എന്നാൽ ഒരു മന്ത്രിപദവിയും ചീഫ് വിപ്പ് സ്ഥാനവും മാത്രമേ നൽകാൻ കഴിയൂ എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. ഒരു മന്ത്രിസ്ഥാനം മാത്രമാണ് ലഭിക്കുന്നതെങ്കിൽ മോൻസ് ജോസഫ് മന്ത്രിയാകും.
സിഎംപി നേതാവ് സി.പി. ജോണും ആർഎസ്പി നേതാവ് ഷിബു ബേബി ജോണും മന്ത്രിസ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. അതേസമയം, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ എന്നിവർക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാം എന്ന ടേം വ്യവസ്ഥയോട് ഇരു നേതാക്കളും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.വകുപ്പുകൾ സംബന്ധിച്ച അന്തിമ തീരുമാനം ഇന്നത്തെ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം പുറത്തുവരും. ഉച്ചയോടെ മുഴുവൻ മന്ത്രിമാരുടെയും പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.