യുഡിഎഫ് മന്ത്രിസഭയിലെ മുസ്‌ലിം ലീഗ് പ്രതിനിധികളെ സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് വിരാമമായി. അഞ്ച് മന്ത്രിസ്ഥാനങ്ങളിലേക്കുമുള്ള പേരുകൾ ലീഗ് ഉന്നതാധികാര സമിതി അംഗീകരിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരാണ് ലീഗ് മന്ത്രിമാരാവുക.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പേരുകളിൽ അന്തിമ തീരുമാനമായത്. നേരത്തെ പരിഗണിച്ചിരുന്ന പാറക്കൽ അബ്ദുള്ളയെ അവസാന നിമിഷം പട്ടികയിൽ നിന്ന് ഒഴിവാക്കി. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളുടെ പ്രാതിനിധ്യം കണക്കിലെടുത്ത് കെ.എം. ഷാജിയെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
പി.കെ. ബഷീറിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നത് നേതൃത്വത്തെ പുനർചിന്തയ്ക്ക് പ്രേരിപ്പിച്ചു. ഏറനാട് മണ്ഡലത്തിൽ നിന്ന് നാലാം തവണയും വിജയിച്ച ബഷീറിന്റെ സീനിയോറിറ്റിയും പാണക്കാട് കുടുംബത്തിന്റെ പിന്തുണയും അദ്ദേഹത്തിന് അനുകൂലമായി. ഇതോടെ മലപ്പുറം ജില്ലയിൽ നിന്ന് കുഞ്ഞാലിക്കുട്ടിക്കൊപ്പം ബഷീറും മന്ത്രിസഭയിലെത്തും.
മണ്ണാർക്കാട് എംഎൽഎയായ അഡ്വ. എൻ. ഷംസുദ്ദീൻ വിദ്യാഭ്യാസ മന്ത്രിയാകുമെന്നാണ് നിലവിലെ സൂചന. തുടർച്ചയായി നാലാം തവണയും നിയമസഭയിലെത്തുന്ന ഷംസുദ്ദീന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നതിലൂടെ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താമെന്നാണ് ലീഗ് കണക്കുകൂട്ടുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായം, ഐടി വകുപ്പുകൾ കൈകാര്യം ചെയ്തേക്കും.
കളമശ്ശേരി എംഎൽഎ വി.ഇ. അബ്ദുൽ ഗഫൂറിനെ ഉൾപ്പെടുത്തിയതിലൂടെ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ മകനായ ഗഫൂർ എറണാകുളം ജില്ലാ പ്രസിഡന്റ് കൂടിയാണ്.
ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ 10 മണിക്ക് വി.ഡി. സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.