യുഡിഎഫ് അധികാരം ഉറപ്പിച്ചതോടെ മുസ്ലിം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി മുഖമാസികയായ 'യോഗനാദ'ത്തിലെ എഡിറ്റോറിയലിലൂടെയാണ് ലീഗിനെതിരെ വെള്ളാപ്പള്ളി വീണ്ടും രംഗത്തെത്തിയത്. 'മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കില്ല' എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
യുഡിഎഫ് അധികാരമേൽക്കുന്നതിന് മുൻപ് തന്നെ മുസ്ലിം ലീഗ് കേരളം ഭരിക്കാൻ തുടങ്ങിയെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. ഭരണത്തിന്റെ മറവിൽ മതതീവ്രവാദികൾക്ക് സംരക്ഷണം ഒരുക്കാനാണ് ലീഗിന്റെ നീക്കം. ലീഗിന്റെ വർഗീയതയെ എതിർക്കുന്നവരെ മുസ്ലിം വിരുദ്ധരായി മുദ്രകുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം എഡിറ്റോറിയലിൽ കുറിച്ചു. മുൻപ് ലീഗിന്റെ നിലപാടുകളെ വിമർശിച്ചതിന് തന്നെ തെരുവിൽ അധിക്ഷേപിച്ച കാര്യവും അദ്ദേഹം ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.
ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെയും ലേഖനത്തിൽ രൂക്ഷമായ ഭാഷയിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. കെ.എം. ഷാജി വർഗീയ വിഷം ചീറ്റുന്ന നേതാവാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഷാജിയെ മന്ത്രിയാക്കിയാൽ അത് ‘മതസൗഹാർദ്ദം പൂത്തുലയുന്ന’തിന് കാരണമാകുമെന്നും അദ്ദേഹം പരിഹസിച്ചു.
യുഡിഎഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിനിൽക്കെ, ഘടകകക്ഷിയായ മുസ്ലിം ലീഗിനെതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ ഈ കടന്നാക്രമണം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.