സംസ്ഥാനത്തെ ആശാ വർക്കർമാരുടെയും അംഗൻവാടി ജീവനക്കാരുടെയും ആനുകൂല്യങ്ങളിൽ സർക്കാർ വലിയ വർദ്ധനവ് വരുത്തിയിട്ടുണ്ട്. ആശാ വർക്കർമാരുടെ ഓണറേറിയം ആദ്യഘട്ടത്തിൽ 3000 രൂപ വർദ്ധിപ്പിച്ച് 12,000 രൂപയാക്കി. അംഗൻവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും 1000 രൂപ വീതം അധികമായി നൽകും. കൂടാതെ സ്കൂളുകളിലെ പാചകത്തൊഴിലാളികൾക്കും പ്രീ-പ്രൈമറി അധ്യാപകർക്കും ആയമാർക്കും 1000 രൂപ വീതം ഓണറേറിയം വർദ്ധിപ്പിച്ചു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് കൂടുതൽ ആനുകൂല്യങ്ങൾ നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
കേരളത്തിലെ വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജപ്പാൻ മോഡൽ പിന്തുടർന്നുകൊണ്ടുള്ള ഈ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. വയോജനങ്ങളെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു പരിഷ്കൃത സമൂഹമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുൻ സർക്കാരിന്റെ കാലത്ത് നവകേരള സദസ്സിനിടെ ഉണ്ടായ പോലീസ് മർദ്ദനത്തെക്കുറിച്ച് പുനരന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കും. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ ജെയ്ജു ബാബുവിനെ പുതിയ അഡ്വക്കേറ്റ് ജനറലായും അഡ്വക്കേറ്റ് ടി. അസഫ് അലിയെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായും നിയമിക്കാൻ തീരുമാനമായി.
പുതിയ എം.എൽ.എമാരുടെ സത്യപ്രതിജ്ഞയ്ക്കായി മെയ് 21-ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തു. മെയ് 22-ന് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. മുതിർന്ന അംഗം ജി. സുധാകരനെ പ്രോ ടേം സ്പീക്കറായി നിയമിക്കാൻ തീരുമാനിച്ചു. മെയ് 29-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമായ ചിത്രം നൽകുന്നതിനായി ഉടൻ തന്നെ ഒരു 'ശ്വേതപത്രം' പുറത്തിറക്കുമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. വൻ ജനപങ്കാളിത്തത്തോടെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ നേതാക്കൾക്കും ജനങ്ങൾക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.