Share this Article
News Malayalam 24x7
യുഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
V.D. Satheesan Takes Oath as Kerala Chief Minister

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശനാണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലായിരുന്നു അദ്ദേഹം സത്യവാചകം ചൊല്ലിയത്. തുടർന്ന് പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളും മറ്റ് മന്ത്രിമാരും അധികാരമേറ്റു. മിക്ക മന്ത്രിമാരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ, ഷിബു ബേബി ജോൺ, സി.പി ജോൺ എന്നിവർ സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്.



ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാരും വിശിഷ്ടാതിഥികളായി എത്തി. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, പണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിച്ചു.


യുവത്വത്തിനും പുതുമുഖങ്ങൾക്കും വലിയ പ്രാധാന്യം നൽകിക്കൊണ്ടാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. 21 അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 14 പേരും പുതുമുഖങ്ങളാണ്. രണ്ട് വനിതാ മന്ത്രിമാരും സഭയിലുണ്ട്. ആറ് പതിറ്റാണ്ടിന് ശേഷമാണ് യുഡിഎഫ് ഇത്തരത്തിൽ മുഴുവൻ മന്ത്രിമാരും ചേർന്ന് ആദ്യമായി സത്യപ്രതിജ്ഞ നടത്തുന്നത്.


സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനിൽ ഗവർണർ ഒരുക്കിയ ചായസൽക്കാരത്തിൽ പങ്കെടുത്തു. ഇതിന് പിന്നാലെ സെക്രട്ടേറിയറ്റിൽ ആദ്യ മന്ത്രിസഭാ യോഗം ചേരും. സാമ്പത്തിക പ്രതിസന്ധി മറികടക്കൽ, കാലവർഷ മുന്നൊരുക്കങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികൾ തുടങ്ങിയ നിർണ്ണായക വിഷയങ്ങൾ ആദ്യ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വരും. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ് കേരളം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories