ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ സംസ്ഥാന മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനമായി. മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർക്ക് സമർപ്പിച്ചു. ലോക് ഭവനിലെത്തിയാണ് മുഖ്യമന്ത്രി ഗവർണർക്ക് പട്ടിക കൈമാറിയത്. ഗവർണറുടെ അനുമതിയോടെ ഉടൻ തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങും.
പ്രധാന വകുപ്പുകളായ ധനം, നിയമം, തുറമുഖം, പൊതുഭരണം എന്നിവ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ കൈകാര്യം ചെയ്യും. മന്ത്രിസഭയിലെ രണ്ടാമനായ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, ഐടി എന്നീ വകുപ്പുകളാണ് നൽകിയിരിക്കുന്നത്. രമേശ് ചെന്നിത്തല പുതിയ ആഭ്യന്തര-വിജിലൻസ് മന്ത്രിയാകും. കെ. മുരളീധരനാണ് പുതിയ ആരോഗ്യ മന്ത്രി.
ഏറ്റവും കൂടുതൽ തർക്കം നിലനിന്നിരുന്ന ഫിഷറീസ്, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളിലും ഒടുവിൽ സമവായമായി. ഫിഷറീസ് വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ലത്തീൻ കത്തോലിക്കാ സഭ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നെങ്കിലും, മുന്നണിയിലെ സമവായം മുൻനിർത്തി വകുപ്പ് മുസ്ലിം ലീഗിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. പകരം, ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുത്തു. റോജി എം. ജോണാണ് പുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രി.
സഹകരണ മേഖലയിലെ വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും കണക്കിലെടുത്ത് കോൺഗ്രസ് തന്നെ കൈവശം വെക്കാൻ തീരുമാനിച്ച സഹകരണ വകുപ്പും ഒപ്പം എക്സൈസ് വകുപ്പും എം. ലിജുവിന് നൽകി. റവന്യൂ വകുപ്പ് സണ്ണി ജോസഫും, യുവജനക്ഷേമ വകുപ്പ് ഒ.ജെ. ജനീഷും കൈകാര്യം ചെയ്യും. പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയായി കെ.എ. തുളസി ചുമതലയേൽക്കും.