Share this Article
News Malayalam 24x7
പതിനാറാം കേരള നിയമസഭ; മുഴുവന്‍ എംഎല്‍എല്‍മാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
Newly Elected MLAs Take Oath of Office

പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ചരിത്രപരമായ തുടക്കം. പുതിയ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും മുഴുവൻ എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമ്പലപ്പുഴയിൽ നിന്നും സ്വതന്ത്രനായി ജയിച്ച പ്രോടേം സ്പീക്കർ ജി. സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

മുഖ്യമന്ത്രി വി.ഡി. സതീശൻ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഡയസിലെത്തിയ പിണറായി വിജയൻ പ്രോടേം സ്പീക്കർ ജി. സുധാകരന് ഹസ്തദാനം നൽകി ആശംസകൾ നേർന്നത് സഭയിലെ ശ്രദ്ധേയമായ കാഴ്ചയായി. യുഡിഎഫ് അംഗങ്ങളിൽ ഭൂരിഭാഗം പേരും ദൈവനാമത്തിലും എൽഡിഎഫ് അംഗങ്ങൾ സഗൗരവവുമാണ് സത്യപ്രതിജ്ഞ ചെയ്തത്. തൃത്താല എംഎൽഎ വി.ടി. ബൽറാം സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.


ഭാഷാ വൈവിധ്യം കൊണ്ടും ഇത്തവണത്തെ സത്യപ്രതിജ്ഞാ ചടങ്ങ് ശ്രദ്ധേയമായി. അക്ഷരമാലാ ക്രമത്തിൽ കളമശ്ശേരിയിൽ നിന്നുള്ള ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ദേവികുളം എംഎൽഎ എഫ്. രാജ തമിഴിലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് കന്നഡയിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ആലുവ എംഎൽഎ അൻവർ സാദത്ത് സത്യവാചകത്തിന് ശേഷം 'ആലുവക്കാർക്ക് നന്ദി' എന്ന് രേഖപ്പെടുത്തിയത് കൗതുകമുണർത്തി.


ഇത്തവണ മൂന്ന് ബിജെപി എംഎൽഎമാർ നിയമസഭയിലെത്തിയത് വലിയ രാഷ്ട്രീയ മാറ്റമാണ്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ബിജെപി എംഎൽഎമാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ബി.ബി. ഗോപകുമാർ എന്നിവർ കാൽനടയായി നിയമസഭ മന്ദിരത്തിലെത്തിയത്. മൂവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭയ്ക്കുള്ളിൽ ശക്തമായ പ്രതിപക്ഷ സ്വരമായി ബിജെപി മാറുമെന്നും ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. നാളെ നടക്കാനിരിക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥിയാകുമെന്നും അദ്ദേഹം അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories