Share this Article
News Malayalam 24x7
കോണ്‍ഗ്രസിൻ്റെ വനിതാ ജനപ്രതിനിധിയെ ആലിംഗനം ചെയ്തതില്‍ വിശദീകരണവുമായി ചെറിയാന്‍ ഫിലിപ്പ്
Cherian Philip Clarifies Indira Bhavan Hug Incident

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വെച്ച് വനിതാ ജനപ്രതിനിധിയെ ആലിംഗനം ചെയ്ത സംഭവത്തിൽ ഉയർന്ന വിവാദങ്ങൾക്ക് മറുപടിയും വിശദീകരണവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദത്തിമിർപ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തതാണെന്നും തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും അനൗചിത്യം തോന്നിയിട്ടുണ്ടെങ്കിൽ പൊതുസമൂഹം പൊറുക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

തന്റെ പെരുമാറ്റത്തിൽ യാതൊരുവിധ ദുരുദ്ദേശവും ഉണ്ടായിരുന്നില്ലെന്ന് മുതിർന്ന നേതാക്കളായ ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും വ്യക്തമാക്കിയിട്ടുണ്ടെന്ന് ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി. തികച്ചും സ്വാഭാവികമായ സ്നേഹപ്രകടനമാണ് നടന്നതെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എംപി തന്നെ വ്യക്തമാക്കിയതായും അദ്ദേഹം തന്റെ കുറിപ്പിൽ ഓർമ്മിപ്പിച്ചു. വർഷങ്ങളായി പരിചയമുള്ള ഇവരെല്ലാം തനിക്ക് കുഞ്ഞനുജത്തിമാരെപ്പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി.


അതേസമയം, ഈ ആഹ്ലാദപ്രകടനത്തെ തെറ്റായ രീതിയിൽ ചിത്രീകരിച്ചതിനെതിരെ അദ്ദേഹം കടുത്ത മാനസിക വിഷമം രേഖപ്പെടുത്തി. അരനൂറ്റാണ്ട് മുൻപുണ്ടായ രാഷ്ട്രീയ പീഡനത്തിൽ നട്ടെല്ലിനും സുഷുമ്നാ നാഡിക്കും കടുത്ത പരിക്കേറ്റ തന്നെ, ഒരു സ്ത്രീലമ്പടനായി ചില സാമൂഹിക മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി ഏറെ തളർത്തിയെന്നും ദിവസങ്ങളായി തന്റെ ഉറക്കം നഷ്ടപ്പെടുത്തിയെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഈ ഘട്ടത്തിൽ തനിക്ക് സാന്ത്വനമേകിയ അഭ്യുദയകാംക്ഷികളോട് നന്ദി അറിയിച്ചു കൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories