ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ രണ്ടാം ദിവസവും കടുത്ത വിമർശനം. നേതാക്കളെ ഭയന്ന് പാർട്ടിക്ക് മുന്നോട്ട് പോകാനാകില്ലെന്നും ഇരുവരും പദവികളിൽ നിന്ന് മാറിനിൽക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
തുടർഭരണം ഉണ്ടാകുമെന്ന് വിവിധ ജില്ലാ ഘടകങ്ങൾ നേരത്തെ റിപ്പോർട്ട് നൽകിയത് നേതൃത്വത്തോടുള്ള ഭയം മൂലമാണ്. ജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. ഇത് തിരിച്ചുപിടിക്കാൻ പുതിയ നേതൃത്വം വരണമെന്നും പിണറായി വിജയനും എം.വി. ഗോവിന്ദനും പദവികൾ ഒഴിയണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
വ്യക്തിപരമായ വിമർശനങ്ങൾ ആവർത്തിച്ചതോടെ യോഗം നിയന്ത്രിച്ചിരുന്ന മുൻ മന്ത്രി എ.സി. മൊയ്തീൻ ഇടപെട്ട് തടയാൻ ശ്രമിച്ചു. ആവർത്തനങ്ങൾ ഒഴിവാക്കണമെന്നും മറ്റ് നിർദ്ദേശങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പറയാനും അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും, പാർട്ടിയിലെ വീഴ്ചകൾ ചൂണ്ടിക്കാണിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് അംഗങ്ങൾ വ്യക്തമാക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി ജില്ലാ കമ്മിറ്റിയിൽ അംഗങ്ങളുടെ അഭിപ്രായശേഖരണം മാത്രമാണ് നടന്നത്. തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചിരുന്നില്ല. വരും ദിവസങ്ങളിൽ ജില്ലയിലെ 17 ഏരിയ കമ്മിറ്റികൾ കൂടി ചേർന്ന് തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യും. ഇതിന് ശേഷമായിരിക്കും ജില്ലയിലെ പരാജയം സംബന്ധിച്ച പൊതു അവലോകന റിപ്പോർട്ട് തയ്യാറാക്കുക.കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്.