ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള ചികിത്സാ കേന്ദ്രത്തിന് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. ചികിത്സാ കേന്ദ്രം പൂർണ്ണമായും തീയിട്ടു നശിപ്പിച്ചു. എബോള ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ അക്രമത്തിൽ കലാശിച്ചത്.
എബോള ബാധിച്ച് മരിച്ചുവെന്ന് കരുതപ്പെടുന്ന ഒരു പ്രാദേശിക ഫുട്ബോൾ കളിക്കാരന്റെ മൃതദേഹം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിട്ടുകൊടുക്കാൻ അധികൃതർ വിസമ്മതിച്ചതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. എബോള ബാധിതരുടെ മൃതദേഹങ്ങളിൽ നിന്നും രോഗം അതിവേഗം പകരാൻ സാധ്യതയുള്ളതിനാൽ കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ സംസ്കാരം നടത്താവൂ എന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
എന്നാൽ തങ്ങളുടെ പ്രിയപ്പെട്ടവന് അവസാന കർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാത്തത് ക്രൂരതയാണെന്ന് ആരോപിച്ചുകൊണ്ട് ഒരു കൂട്ടം യുവാക്കൾ ചികിത്സാ കേന്ദ്രത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. അക്രമികൾ അവിടുത്തെ മെഡിക്കൽ ഉപകരണങ്ങളും മറ്റ് സാധനങ്ങളും തല്ലിത്തകർക്കുകയും രോഗികൾക്കായി ഒരുക്കിയിരുന്ന ടെന്റുകൾ തീയിട്ടു നശിപ്പിക്കുകയും ചെയ്തു. അന്ന് സംസ്കരിക്കാനായി വെച്ചിരുന്ന ഒരു മൃതദേഹവും ടെന്റുകൾക്കൊപ്പം പൂർണ്ണമായി കത്തിനശിച്ചു.
സ്ഥിതിഗതികൾ ശാന്തമാക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തെങ്കിലും അക്രമികളെ തടയാനായില്ല. ആക്രമണം ഭയന്ന് സന്നദ്ധ പ്രവർത്തകർ വാഹനങ്ങളിൽ കയറി രക്ഷപ്പെടുകയായിരുന്നു. അക്രമം നടക്കുമ്പോൾ കേന്ദ്രത്തിൽ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികളെ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.