Share this Article
News Malayalam 24x7
കേരള നിയമസഭ സ്പീക്കർ വോട്ടെടുപ്പ് പൂർത്തിയായി
Kerala Assembly Speaker Election

പതിനാറാം നിയമസഭയിലേക്കുള്ള സ്പീക്കർക്കായുളള വേട്ടെടുപ്പ് പൂർത്തിയായി.. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ഇക്കുറി സ്പീക്കർ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.

സ്ഥാനാർത്ഥികൾ:

  • യു.ഡി.എഫ് സ്ഥാനാർത്ഥി: കോട്ടയം എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ.

  • എൽ.ഡി.എഫ് സ്ഥാനാർത്ഥി: കുന്നംകുളം എം.എ.ൽഎ എ.സി. മൊയ്തീൻ.

  • എൻ.ഡി.എ (ബി.ജെ.പി) സ്ഥാനാർത്ഥി: ചാത്തന്നൂർ എം.എൽ.എ ബി.ബി. ഗോപകുമാർ.

നിയമസഭയിൽ ഇതാദ്യമായാണ് ബി.ജെ.പിക്ക് മൂന്ന് എം.എൽ.എമാർ ഉള്ളത്. ഇതിലൊരാളായ ബി.ബി. ഗോപകുമാറിനെയാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്.

പ്രോടെം സ്പീക്കർ ജി. സുധാകരന്റെ (അമ്പലപ്പുഴ എം.എൽ.എ) അധ്യക്ഷതയിലായിരിക്കും വോട്ടെടുപ്പ് നടപടികൾ നടക്കുക. രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള 140 എം.എൽ.എമാർക്കും മൂന്ന് സ്ഥാനാർത്ഥികളുടെയും പേരുകൾ രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ വിതരണം ചെയ്യും.

സീറ്റുകളുടെ ക്രമമനുസരിച്ച് മുഖ്യമന്ത്രിയാണ് ആദ്യം വോട്ട് രേഖപ്പെടുത്തുക. സ്പീക്കറുടെ ഡയസിനടുത്ത് പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള രഹസ്യ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് പേപ്പർ മടക്കി ബോക്സിൽ നിക്ഷേപിക്കണം. വോട്ടെടുപ്പ് പൂർത്തിയായ ശേഷം മൂന്ന് മുന്നണികളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ നിയമസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വോട്ടുകൾ എണ്ണും.


വിജയിയെ പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് പുതിയ സ്പീക്കറെ സ്പീക്കർ പീഠത്തിലേക്ക് ആനയിക്കും.

നിയമസഭയിൽ 102 എം.എൽ.എമാരുള്ള യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പാണ്. എങ്കിലും ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായാണ് വോട്ടെടുപ്പ് നടക്കുന്നത്.


ഇന്നത്തെ സമ്മേളനത്തിന് ശേഷം സഭ താല്ക്കാലികമായി പിരിയും. പിന്നീട് മെയ് 29-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സഭ വീണ്ടും സമ്മേളിക്കുക. പുതിയ സ്പീക്കറുടെ ആദ്യ ചുമതല ഗവർണറുടെ നയപ്രഖ്യാപനത്തിനായുള്ള സഭ വിളിച്ചുചേർക്കുക എന്നതായിരിക്കും.


ജൂൺ ഒന്നിനായിരിക്കും ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഷാനിമോൾ ഉസ്മാനെ പ്രഖ്യാപിച്ചിട്ടുണ്ട്. എൽ.ഡി.എഫും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂൺ മൂന്ന് വരെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയും തുടർന്ന് ജൂൺ ആദ്യവാരത്തോടെ ബജറ്റ് അവതരണവും നടക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories