മുൻ ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന ഡോ. രത്തൻ ഖേൽക്കറുടെ പുതിയ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇത്തരം കാര്യങ്ങൾ തികച്ചും ഭരണപരമായ തീരുമാനങ്ങളാണെന്നും അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ കൂടുതൽ അഭിപ്രായപ്രകടനത്തിനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ഭരണരംഗത്തുള്ളവരാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കേണ്ടതെന്നും അവർ അത് തീരുമാനിക്കട്ടെ എന്നുമാണ് കെ.സി. വേണുഗോപാൽ പ്രതികരിച്ചത്. രത്തൻ ഖേൽക്കറുടെ നിയമനത്തിനെതിരെ ഭരണപക്ഷമായ സി.പി.ഐ.എമ്മും ബിജെപിയും കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ പ്രതികരണം പുറത്തുവരുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷണർ പദവി വഹിച്ചിരുന്ന ഒരു ഉദ്യോഗസ്ഥനെ പ്രതിപക്ഷ നേതാവിന്റെ പേഴ്സണൽ സ്റ്റാഫിലേക്ക് നിയമിച്ചതിനെതിരെയാണ് സി.പി.ഐ.എം പ്രധാനമായും രംഗത്തെത്തിയത്. ഇത് മുൻപ് യു.ഡി.എഫിനെ സഹായിച്ചതിനുള്ള ഉപകാരസ്മരണയാണെന്നായിരുന്നു ഭരണപക്ഷത്തിന്റെ ആരോപണം. എന്നാൽ, ഈ രാഷ്ട്രീയ വിവാദങ്ങളോട് കൂടുതൽ പ്രതികരിക്കാൻ താല്പര്യമില്ലെന്ന നിലപാടിലാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി.