സാധാരണക്കാർക്കും സ്ത്രീകൾക്കും യുവാക്കൾക്കും മുൻഗണന നൽകിക്കൊണ്ട് പതിനാറാം നിയമസഭയിലെ യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവർണർ രാജേന്ദ്ര അർലേക്കർ സഭയിൽ അവതരിപ്പിച്ചു. വികസനവും സുതാര്യമായ ഭരണവും ഉറപ്പുനൽകുന്ന നയപ്രഖ്യാപനത്തിൽ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ദിര ഗ്യാരന്റികൾ നടപ്പിലാക്കും
യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന 'ഇന്ദിര ഗ്യാരന്റികൾ' നടപ്പിലാക്കുമെന്ന് നയപ്രഖ്യാപനത്തിൽ ഉറപ്പുനൽകുന്നു. സാമൂഹ്യ ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർദ്ധിപ്പിക്കും. വനിതകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര സ്ഥിരമാക്കുമെന്നും കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിമാസം 1000 രൂപ വീതം സഹായധനം നൽകുമെന്നും ഗവർണർ പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം.
സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും കൂടുതൽ പരിഗണന
അസംഘടിത-സ്വകാര്യ മേഖലകളിലെ സ്ത്രീകൾക്കായി ആറുമാസത്തെ പ്രസവാവധി ഉറപ്പാക്കും. 50 ശതമാനത്തിലധികം സ്ത്രീ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ കുട്ടികളെ നോക്കുന്നതിനായി ഡേ കെയർ സംവിധാനം ഒരുക്കും. കൂടാതെ, സ്കൂൾ-കോളേജ് വിദ്യാർത്ഥിനികൾക്കായി മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കും. ഇക്കാലയളവിൽ നഷ്ടപ്പെടുന്ന ക്ലാസുകൾ പിന്നീട് പ്രത്യേകമായി നടത്തിക്കൊടുക്കാനും സർക്കാർ നടപടി സ്വീകരിക്കും.
സാമ്പത്തിക മേഖലയും ധവളപത്രവും
സംസ്ഥാനം നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ വിലയിരുത്താൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ച് ധവളപത്രം പുറത്തിറക്കും. കേന്ദ്ര സർക്കാരുമായി സഹകരണ ഫെഡറലിസം കാത്തുസൂക്ഷിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാനാണ് സർക്കാർ ശ്രമിക്കുകയെന്നും പ്രസംഗത്തിൽ വ്യക്തമാക്കി.
ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’
ലഹരി മാഫിയയ്ക്കെതിരെ എക്സൈസ് വകുപ്പ് മുഖേന 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ ശക്തമായ നടപടി സ്വീകരിക്കും. ഇതിനായി എക്സൈസ് വകുപ്പിനെ ആധുനികവൽക്കരിക്കുകയും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്യും. സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി കർശന നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കും.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ:
മനുഷ്യ-വന്യജീവി സംഘർഷം: വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനായി ശാസ്ത്രീയമായ രീതിയിൽ മൃഗങ്ങളുടെ കണക്കെടുപ്പും വനത്തിനുള്ളിലെ ജലസ്രോതസ്സുകളുടെ പഠനവും നടത്തും.
കാർഷിക രംഗം: കാർഷിക മേഖലയിൽ യന്ത്രവൽക്കരണവും പൊതു-സ്വകാര്യ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കും.
പട്ടികവിഭാഗ സംരക്ഷണം: പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി പ്രത്യേക ഭവന പദ്ധതിയും ദേവസ്വം ബോർഡ് നിയമനങ്ങളിൽ ഉൾപ്പെടെ റിസർവേഷൻ സംവിധാനങ്ങളും നടപ്പിലാക്കും.
റോഡ് വികസനം: പ്രധാന എം.സി റോഡിന് പുറമെ സംസ്ഥാനത്തെ വിവിധ പ്രധാന റോഡുകൾ നാലുവരിപ്പാതകളാക്കി വികസിപ്പിക്കും.
പൊതുവിതരണ സംവിധാനം: സപ്ലൈകോ, മാവേലി സ്റ്റോറുകൾ, റേഷൻ കടകൾ എന്നിവയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുകയും കൂടുതൽ സഞ്ചരിക്കുന്ന സപ്ലൈകോ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുകയും ചെയ്യും.
വിവാദങ്ങൾക്ക് വഴി നൽകാതെ, സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള നയപ്രഖ്യാപനമാണ് UDF സർക്കാർ കാഴ്ചവച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ സഭയിൽ ഇതിനെക്കുറിച്ചുള്ള വിശദമായ ചർച്ചകൾ നടക്കും.