ചെന്നൈ: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് പെൺകുട്ടിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കൻ അഭയാർഥിയായ യാൻസി(18)യാണ് കൊല്ലപ്പെട്ടത്. യാൻസി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം പുറകെ കാറുമായി എത്തിയ സംഘം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. യാൻസിക്കൊപ്പം സഞ്ചരിച്ചിരുന്ന 17 കാരിക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.
സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലമുരുകൻ(21), ജോഷ്വാ(19), കിഷോർകുമാർ(19) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ബാറിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ബാറിൽ നൃത്തം ചെയ്യുന്നതിനിടെ മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായി. ഇരുസംഘങ്ങളും തമ്മിൽ തർക്കം രൂക്ഷമായതോടെ ബൗൺസേഴ്‌സ് ഇടപെട്ടാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്. എന്നാൽ പുറത്തിറങ്ങിയ ശേഷവും വാക്കേറ്റവും കയ്യാങ്കളിയും തുടർന്നു. ഇതോടെ ബൗൺസേഴ്സ് ഇടപെട്ട് ഇവരെ പറഞ്ഞുവിടുകയും ചെയ്തു. സ്ഥലത്ത് നിന്ന് മടങ്ങിയെങ്കിലും തർക്കം അവസാനിച്ചിരുന്നില്ല. സംഘത്തിന്റെ കാറിന് കല്ലെറിഞ്ഞ ശേഷം യാൻസിയും സുഹൃത്തും സഞ്ചരിച്ച ഇരുചക്രവാഹനവുമായി മടങ്ങി.കാറില‍്‍ സഞ്ചരിച്ചിരുന്ന എതിർസംഘം ഇവരെ പിന്തുടരുകയും യാൻസിയും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു. കാറിടിച്ച് തെറിച്ചുവീണ യാൻസി തൽക്ഷണം മരണപ്പെട്ടതായാണ് വിവരം.
അതേസമയം, തർക്കമുണ്ടായ ചെന്നൈയിലെ സ്വകാര്യ ബാർ അധികൃതർ പൂട്ടിച്ചു. 18 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം അനുവദിച്ചതിനെ തുടർന്നാണ് നടപടി.