ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള സായുധ ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം ലെബനന്റെ കൂടുതൽ ഉള്ളിലേക്ക് കടന്നുകയറി. തെക്കൻ ലെബനനിൽ സ്ഥിതി ചെയ്യുന്ന 900 വർഷത്തിലധികം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ബ്യൂഫോർട്ട് കോട്ടയും അത് സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ കുന്നും ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു.
കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ ആദ്യമായാണ് ഇസ്രയേൽ സൈന്യം ലെബനൻ അതിർത്തിയിൽ നിന്നും ഇത്രയും ഉള്ളിലേക്ക് കടന്ന് സൈനിക നീക്കം നടത്തുന്നത്. മധ്യകാലഘട്ടത്തിലെ തന്ത്രപ്രധാനമായ ഈ കോട്ട പൂർണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കിയതായും അവിടെ പതാക നാട്ടിയതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. പ്രദേശത്ത് ഹിസ്ബുള്ളയുടെ പ്രധാന നിരീക്ഷണ താവളമായി പ്രവർത്തിച്ചിരുന്ന കുന്നാണ് ഇസ്രയേൽ ഇപ്പോൾ അധീനതയിലാക്കിയിരിക്കുന്നത്.
ഇസ്രയേലിന്റെ കടന്നുകയറ്റം ശക്തമായതോടെ തെക്കൻ ലെബനനിലെ നഗരങ്ങളിൽ വലിയ നാശനഷ്ടങ്ങളും വ്യോമാക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇസ്രയേലിന്റെ ഈ ആഴത്തിലുള്ള സൈനിക അധിനിവേശം പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ഇസ്രയേൽ പുതിയ നീക്കങ്ങളുമായി മുന്നോട്ട് പോകുന്നത്.