പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ തെരഞ്ഞെടുത്തു. ശക്തമായ മത്സരത്തിനൊടുവിൽ 99 വോട്ടുകൾ നേടിയാണ് ഷാനിമോൾ ഉസ്മാൻ വിജയിച്ചത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ മുഹമ്മദ് മുഹ്സിന് 34 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. വോട്ടെടുപ്പിൽ നിന്നും ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നു.
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് തെരഞ്ഞെടുപ്പ് ഫലം സഭയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സ്പീക്കർ വോട്ടെടുപ്പിൽ പങ്കടുത്തില്ല. മൂന്നരപ്പതിറ്റാണ്ടിന് ശേഷമാണ് കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് ഒരു വനിത കടന്നുവരുന്നത് എന്ന ചരിത്രപരമായ പ്രാധാന്യവും ഈ തെരഞ്ഞെടുപ്പിനുണ്ട്. കേരള നിയമസഭയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറാണ് ഷാനിമോൾ ഉസ്മാൻ.
കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ എ.ഐ.സി.സി സെക്രട്ടറിയായ ഷാനിമോൾ ഉസ്മാൻ, 2019 മുതൽ 2021 വരെ അരൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു. പുതിയ പദവിയിൽ തികഞ്ഞ ഉത്തരവാദിത്തത്തോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കാൻ ഷാനിമോൾ ഉസ്മാന് സാധിക്കട്ടെയെന്ന് സ്പീക്കർ ആശംസിച്ചു.