Share this Article
News Malayalam 24x7
പ്രതിപക്ഷ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി
CM Rejects Opposition Claims Over State Finance White Paper
സംസ്ഥാനത്തിന്റെ കഴിഞ്ഞ പത്തു വർഷത്തെ സാമ്പത്തിക സ്ഥിതി വിലയിരുത്തിക്കൊണ്ടുള്ള ധവളപത്രം സർക്കാർ നിയമസഭയിൽ സമർപ്പിച്ചു. ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശനാണ് ധവളപത്രം സഭയുടെ മേശപ്പുറത്ത് വെച്ചത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കടുത്ത വാക്പോര് അരങ്ങേറി.
തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്നത്. ഇതനുസരിച്ച് രൂപീകരിച്ച പ്രത്യേക വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടാണ് മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ചത്. എന്നാൽ, ധനവകുപ്പിലെ ഔദ്യോഗിക രഹസ്യരേഖകൾ പുറത്തുള്ളവർക്ക് കൈമാറിയെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആരോപിച്ചു. ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഇത്തരം രേഖകൾ പുറത്തു നൽകുന്നത് ക്രമവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധനവകുപ്പിലെ ഉദ്യോഗസ്ഥർ തയ്യാറാക്കേണ്ട റിപ്പോർട്ട് പുറത്തുള്ള വിദഗ്ധരെക്കൊണ്ട് തയ്യാറാക്കിയത് തെറ്റായ സമീപനമാണെന്നും അദ്ദേഹം സഭയിൽ അറിയിച്ചു.
പ്രതിപക്ഷത്തിന്റെ ഈ ആരോപണങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ ശക്തമായി തള്ളി. റിപ്പോർട്ട് തയ്യാറാക്കുന്നതിൽ വിദഗ്ധ സമിതിയുടെ ഉപദേശം തേടുക മാത്രമാണ് ചെയ്തതെന്നും ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെയാണ് ഇത് തയ്യാറാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു. ബജറ്റ് സമയത്ത് ധനകാര്യ വിവരങ്ങൾ പുറത്തുപോകുന്നതാണെന്നും ഇതിൽ രഹസ്യസ്വഭാവമില്ലെന്നും അദ്ദേഹം മറുപടി നൽകി. ഓരോ മേഖലയിലെയും വിദഗ്ധരുടെ അഭിപ്രായങ്ങൾ ശേഖരിച്ചുകൊണ്ട് കേരളത്തിന്റെ സാമ്പത്തിക ആരോഗ്യത്തെക്കുറിച്ചുള്ള ഒരു അവലോകനമാണ് സർക്കാർ ലക്ഷ്യമിട്ടതെന്നും ഇതിനെ എതിർക്കുകയല്ല വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാബിനറ്റ് അംഗീകാരത്തോടു കൂടി, എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ധവളപത്രം പുറത്തിറക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ധവളപത്ര സമർപ്പണത്തിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും പിണറായി വിജയനും തമ്മിൽ സഭയിൽ നേരിട്ടുള്ള വാക്പോര് നടന്നു. വിശദമായ ചർച്ചകൾക്ക് പകരം കടുത്ത വിയോജിപ്പും പ്രതിഷേധവുമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് സഭാനടപടികൾ വ്യക്തമാക്കുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories