ഹോർമൂസ് ഇടുക്കിൽ യു.എസ് നാവികസേനയുടെ പടക്കപ്പൽ വിജയകരമായി ആക്രമിച്ചെന്ന അവകാശവാദവുമായി ഇറാൻ രംഗത്ത്. എന്നാൽ ഇറാന്റെ വാദങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഒമാൻ ഉൾക്കടലിൽ ഇറാന്റെ പ്രാദേശിക അതിർത്തിയോട് അടുക്കാൻ ശ്രമിച്ച യു.എസിന്റെ യുദ്ധക്കപ്പലിനെ തങ്ങളുടെ നാവികസേന ലക്ഷ്യമിട്ടതായാണ് ഇറാൻ സൈന്യം അവകാശപ്പെടുന്നത്. യു.എസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററായി പ്രവർത്തിക്കുന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായതെന്നും അന്താരാഷ്ട്ര ചട്ടങ്ങൾ ലംഘിച്ചുള്ള യു.എസ് നീക്കങ്ങൾക്കുള്ള ശക്തമായ തിരിച്ചടിയാണിതെന്നും ഇറാൻ വ്യക്തമാക്കി. അന്താരാഷ്ട്ര കപ്പൽ ചാലുകളിൽ ഇറാന്റെ വാണിജ്യ കപ്പലുകൾക്ക് നേരെ യു.എസ് നടത്തുന്ന ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്നും ഇറാൻ സൈനിക വക്താക്കൾ കൂട്ടിച്ചേർത്തു.
എന്നാൽ ഈ വാർത്ത പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ അവകാശവാദം തികച്ചും വ്യാജമാണെന്നും ലോകത്തിന് മുന്നിൽ കള്ളം പ്രചരിപ്പിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും യു.എസ് സൈനിക വക്താക്കൾ പ്രതികരിച്ചു. പശ്ചിമേഷ്യൻ കടൽ മേഖലയിലുള്ള യു.എസ് സൈനിക സംവിധാനങ്ങളും കപ്പലുകളും യാതൊരുവിധ തടസ്സങ്ങളുമില്ലാതെ പൂർണ്ണ സുരക്ഷിതമായി തങ്ങളുടെ ദൗത്യങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും അമേരിക്ക വ്യക്തമാക്കി. പടക്കപ്പൽ ആക്രമണത്തെച്ചൊല്ലിയുള്ള ഇരു രാജ്യങ്ങളുടെയും പരസ്പര വിരുദ്ധമായ പ്രസ്താവനകൾ പശ്ചിമേഷ്യയിൽ വീണ്ടും നയതന്ത്ര-സൈനിക പിരിമുറുക്കം വർദ്ധിപ്പിച്ചിരിക്കുകയാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ