Share this Article
News Malayalam 24x7
ഇസ്രയേല്‍ നേരെ ആക്രമണവുമായി ഇറാന്‍
Iran Launches Missiles at Israel as Regional Tensions Escalate

പശ്ചിമേഷ്യയെ കനത്ത യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇസ്രയേലിന് നേരെ ഇറാന്റെ വൻ മിസൈൽ ആക്രമണം. ലെബനനിലെ ഇസ്രയേൽ സൈനിക നടപടികൾക്ക് തക്കതായ മറുപടിയാണ് ഇതെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ഇസ്രയേലിന്റെ വടക്കൻ മേഖലകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ഇറാൻ മിസൈലുകൾ പതിച്ചത്.

ഇറാൻ തൊടുത്തുവിട്ട മിസൈലുകളിൽ ഭൂരിഭാഗവും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ, ഈ ആക്രമണത്തിന് ഇസ്രയേൽ തിരിച്ചടിക്കാൻ മുതിർന്നാൽ അതിലും ഭീകരമായ രീതിയിലുള്ള പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാൻ സൈന്യം ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ, തബ്രിസ്, ഇസ്ഫഹാൻ തുടങ്ങിയ നഗരങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. മുൻകരുതലിന്റെ ഭാഗമായി ഇറാഖ് തങ്ങളുടെ വ്യോമപാത 12 മണിക്കൂർ നേരത്തേക്ക് പൂർണ്ണമായും അടച്ചു.


അതിനിടെ, മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ ഇടപെടലുകൾ സജീവമായിട്ടുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവോട് ഈ ഘട്ടത്തിൽ സംയമനം പാലിക്കണമെന്ന് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങൾ. കൂടുതൽ തിരിച്ചടികളിലേക്ക് പോകുന്നത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.


ആക്രമണത്തെ തുടർന്ന് ഇസ്രയേലിലെ പ്രധാന നഗരങ്ങളിൽ ജനങ്ങൾ കനത്ത ജാഗ്രതയിലാണ്. അതേസമയം, ഇസ്രയേലിന് മേൽ വിജയം വരിച്ചെന്ന പ്രഖ്യാപനവുമായി ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ജനങ്ങൾ തെരുവിലിറങ്ങി ദേശീയ പതാകകളേന്തി ആഹ്ലാദപ്രകടനം നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം അന്താരാഷ്ട്ര സമൂഹം അതീവ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories